സെമിയിലെ തോൽവിക്കുശേഷം ടീം ഇന്ത്യയിൽ തമ്മിലടിയെന്നു റിപ്പോർട്ട് ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ബാധിക്കുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാന്‍ താരങ്ങളാരും രംഗത്തുവന്നിട്ടില്ല.
പരിശീലകൻ രവി ശാസ്‌ത്രിയുമായി ചേര്‍ന്ന് കോഹ്‌ലി നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളും തീരുമാനങ്ങളുമാണ് ടീമില്‍ രോഹിത് ശർമയെ പിന്തുണയ്‌ക്കുന്ന മറ്റൊരു ഗ്രൂപ്പുണ്ടാക്കിയത്. ഇതോടെ ശാസ്‌ത്രിക്കെതിരെയും എതിര്‍പ്പ് ശക്തമായി.
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ കമ്മറ്റിയുടെ സാന്നിധ്യത്തില്‍ ബിസിസിഐ അവലോകന യോഗം ചേരും. രവി ശാസ്ത്രി, കോഹ്‌ലി, ചീഫ് സെലക്റ്റര്‍ എംഎസ് കെ പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഈ യോഗം കോഹ്‌ലിക്ക് നിര്‍ണായകമാകും. ടീമില്‍ ഗ്രൂപ്പ് പോര് ശക്തമാണെങ്കില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല. അതുകൊണ്ട് ഏകദിന നായകനായി രോഹിത്തിനെ നിശ്ചയിച്ചേക്കും. ടെസ്‌റ്റ് ക്രിക്കറ്റില്‍ മാത്രമാകും കോഹ്‌ലിക്ക് നായകസ്ഥാനം ലഭിക്കുക.
എന്നാല്‍ തലവൻ വിനോദ് റായിയുടെ ഉറച്ച പിന്തുണ ഉള്ളതാണ് കോഹ്‌ലിക്ക് ആശ്വാസം. ഈ കനിവ് ശാസ്‌ത്രിയോട് ആരും കാണിക്കില്ല.
ഒരു ടൂർണമെന്റ് അവസാനിക്കുമ്പോൾ തന്നെ അടുത്ത പ്രധാന ടൂർണമെന്റിനുള്ള ഒരുക്കം ആരംഭിക്കുന്നതാണ് പ്രഫഷനൽ രീതി. ഈ മാതൃകയിൽ ഇക്കുറി നേട്ടമുണ്ടാക്കിയ ടീമാണ് ഇംഗ്ലണ്ട്. ഇതേ പാതയില്‍ നീങ്ങാനാണ് ബിസിസിഐ ശ്രമിക്കുന്നത്.
ടീമിനെ ശക്തിപ്പെടുത്താന്‍ മുതിർന്ന താരങ്ങളെ ഒഴിവാക്കിയും പുതിയ താരങ്ങളെ വളർത്തിയെടുക്കാനുമാണ് തീരുമാനം. അസ്വാരസ്യങ്ങൾ തലപൊക്കുന്നുണ്ടെങ്കിലും ഇതുവരെ ടീമിന്റെ കെട്ടുറപ്പിനെ അതു ബാധിച്ചിട്ടില്ല. കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് മുമ്പ് വിഷയത്തില്‍ ശക്തമായ തീരുമാനം കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.