Virat Kohli: കളിച്ചില്ലെങ്കില്‍ ടീമില്‍ സ്ഥാനമില്ല, കോലിയോട് ബിസിസിഐ വ്യക്തമാക്കി?, വിരമിക്കലിലേക്ക് നയിച്ചത് ഗംഭീറിന്റെ തീരുമാനം?
വിരാട് കോലിയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കലിന് കാരണമായത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍.
Virat Kohli Gautham Gambhir retirement
വിരാട് കോലിയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കലിന് കാരണമായത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടിനെതിരെയുള്ള 5 ടെസ്റ്റ് സീരീസില്‍ സ്ഥിരസാന്നിധ്യമായി കോലിയെ തിരെഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാര്‍ക്കും ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീറിനും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടരെ പരാജയപ്പെടുന്ന കോലിയ്ക്ക് ഇംഗ്ലണ്ടിനെതിരെ അവസരം നല്‍കാമെന്നും എന്നാല്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിപ്പിക്കു എന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയെന്നാണ് സൂചന. ദൈനിക ജാഗരണാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 7ന് മുംബൈയില്‍ വെച്ച് നടത്തിയ യോഗത്തില്‍ കോലിയ്ക്കും നായകന്‍ രോഹിത് ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സന്ദേശം നല്‍കിയതായാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024-25ലെ ഓസ്‌ട്രേലിയ സീരീസില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറി ഉള്‍പ്പടെ 5 ടെസ്റ്റുകളില്‍ നിന്നും 23 റണ്‍സ് ശരാശരിയില്‍ 190 റണ്‍സ് മാത്രമായിരുന്നു കോലി നേടിയത്. ഇതിന് മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും കോലി നിരാശപ്പെടുത്തിയിരുന്നു. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥിരം നായകന്‍ വേണമെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം എന്ന നിലപാടുമാണ് പരിശീലകനായ ഗൗതം ഗംഭീറും സ്വീകരിച്ചത്. ഇതോടെയാണ് വിരമിക്കല്‍ തീരുമാനത്തിന് കോലി നിര്‍ബന്ധിതനായത് എന്നാണ് സൂചനകള്‍. 2020ന് മുന്‍പ് വരെയുള്ള കണക്കുകള്‍ പ്രകാരം 141 ഇന്നിങ്ങ്സുകളിൽ നിന്നും 54.97 ശരാശരിയില്‍ 7202 റണ്‍സാണ് കോലി നേടിയത്. എന്നാല്‍ 2020ന് ശേഷം കളിച്ച 69 ഇന്നിങ്ങ്സിൽ നിന്നും 30.72 ശരാശരിയില്‍ 2028 റണ്‍സ് നേടാനെ കോലിയ്ക്ക് സാധിച്ചിട്ടുള്ളു.