ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ച് വിരാട് കോലി. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടാഴ്ച മുന്‍പാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള സന്നദ്ധത കോലി അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ഥിച്ചെങ്കിലും ഇക്കാര്യത്തില്‍ കോലി ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.
കോലിയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുന്ന പലരുമായും ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും കോലി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയുമാണെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനത്തില്‍ കോലി ഏറെ നിരാശനായിരുന്നു. പലപ്പോഴും പരമ്പരയ്ക്ക് ശേഷം തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചെന്ന് കോലി സഹതാരങ്ങളെയും മാനേജ്‌മെന്റിനെയും അറിയിച്ചിരുന്നു.എന്നാല്‍ ആരും തന്നെ ഇത് ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ടെസ്റ്റില്‍ ശരാശരി പ്രകടനമാണ് കോലി നടത്തുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ കളിക്കുന്നതില്‍ താരത്തിനുള്ള ബലഹീനത എതിര്‍ടീമുകള്‍ മുതലെടുത്തിരുന്നു. ഇംഗ്ലണ്ടിലെ സീമിംഗ് അനുകൂല സാഹചര്യത്തില്‍ ഇത് കൂടുതല്‍ തുറന്ന് കാണിക്കുമെന്നും കോലി ഭയപ്പെടുന്നുണ്ട്.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ നിന്നും 46.85 ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരി ടെസ്റ്റില്‍ കോലിക്കുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി കളിച്ച 37 ടെസ്റ്റുകളില്‍ നിന്നായി 3 സെഞ്ചുറികളടക്കം 1990 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇതാണ് ബാറ്റിംഗ് ആവറേജ് ശരാശരിയില്‍ ഒതുങ്ങാന്‍ ഇടയാക്കിയിരിക്കുന്നത്.