രഞ്ജി ട്രോഫി സെമിഫൈനലില്‍ ഗുജറാത്തിനെതിരെ നിര്‍ണായകമായ 2 റണ്‍സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചതോടെ 74 വര്‍ഷത്തിനിടെ ആദ്യമായി രഞ്ജി ഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ് കേരളം. 1957ല്‍ തുടങ്ങി ഇതുവരെയായി രഞ്ജി കളിക്കുന്നുണ്ടെങ്കില്‍ സെമിഫൈനലില്‍ എത്തിയതായിരുന്നു കേരളത്തിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ യോഗ്യത നേടിയതാകട്ടെ സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിങ്ങനെ കേരളത്തിന്റെ 2 പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ്.
2018-19 സീസണില്‍ സെമി ഫൈനലില്‍ എത്തിയതായിരുന്നു ഇതിന് മുന്‍പ് കേരളത്തിന്റെ ഏറ്റവും പ്രധാന നേട്ടം. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി കേരളത്തിന് കാര്യമായൊന്നും രഞ്ജിയില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കുറി സച്ചിന്‍ ബേബിയുടെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ കേരളത്തെ താങ്ങി നിര്‍ത്തിയത് ടീമായുള്ള കൂട്ടായ പ്രകടനമാണ്. കഴിഞ്ഞ സീസണുകളില്‍ കേരളത്തിന്റെ പ്രധാനതാരമായി മാറിയ ജലജ് സക്‌സേനയ്‌ക്കൊപ്പം രോഹന്‍ കുന്നുമ്മേല്‍, സച്ചിന്‍ ബേബി എന്നിവര്‍ മാത്രമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായി മികവ് തെളിയിച്ച താരങ്ങളായി ഉണ്ടായിരുന്നത്.
സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിങ്ങനെ കേരളം എടുത്ത് കാണിക്കുന്ന 2 താരങ്ങള്‍ ഇല്ലാതെയായിരുന്നു രഞ്ജി സീസണില്‍ കേരളം കളിച്ചത്. എന്നാല്‍ നിര്‍ണായകഘട്ടങ്ങളില്‍ അവതാരപ്പിറവി എടുക്കുന്നത് പോലെ സല്‍മാന്‍ നിസാറും, അസ്ഹറുദ്ദീനുമെല്ലാം കേരളത്തിന്റെ രക്ഷകരായി മാറി. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റണ്‍സ് ലീഡിന്റെ ബലത്തില്‍ സെമിയിലെത്തിയ കേരളം സെമിയില്‍ 2 റണ്‍സ് ലീഡ് നേടിയാണ് ഫൈനല്‍ പ്രവേശനം ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ സല്‍മാന്‍ നിസാര്‍ ഹീറോയായി മാറിയപ്പോള്‍ അസ്ഹറുദ്ദീനും ജലജ് സക്‌സേനയും ആദിത്യ സര്‍വതെയുമാണ് സെമിയിലെ കേരളത്തിന്റെ ഹീറോകള്‍. അതേസമയം വ്യക്തിഗതമായ പ്രകടനങ്ങള്‍ക്കപ്പുറം ടീമെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് കേരളത്തെ ഈ ചരിത്രനേട്ടത്തിന് പ്രാപ്തമാക്കിയത്.