പന്തിനെയും - ജഡേജയേയും അഴിച്ചുവിട്ട് കോഹ്‌ലി; തന്ത്രങ്ങള്‍ തിരിച്ചറിയാനാകാതെ ഓസീസ്
പന്തിനെയും - ജഡേജയേയും അഴിച്ചുവിട്ട് കോഹ്‌ലി; തന്ത്രങ്ങള്‍ തിരിച്ചറിയാനാകാതെ ഓസീസ്
സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന രണ്ട് പ്രകടനങ്ങളാണ് പിറന്നത്. ചേതേശ്വര്‍ പൂജാരയുടെ ക്ലാസ് ഇന്നിംഗ്‌സിനു പിന്നാലെ ഋഷഭ് പന്തിന്റെ കടന്നാക്രമണം പരമ്പരയില്‍ ഒപ്പമെത്താമെന്ന ആതിഥേയരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.
622 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയ്‌ക്ക് പിടിച്ചു നിന്നേ മതിയാകൂ. ജയം ഉറപ്പില്ലെങ്കിലും സമനിലയാകും അവര്‍ക്ക് മുമ്പിലുള്ള ഏക പോംവഴി. എന്നാല്‍, സിഡ്‌നിയിലെ പിച്ച് സ്‌പിന്നിന് അനുകൂലമാകുന്നതാണ് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
രവീന്ദ്ര ജഡേജ - കുല്‍ദീപ് യാദവ് സഖ്യത്തിന്റെ പ്രകടനമാകും ഇന്ത്യക്ക് നിര്‍ണായകമാകുക. ഇരുവരും തിളങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. കൂറ്റന്‍ സ്‌കോര്‍ മറികടക്കുക എളുപ്പമാകില്ലെന്ന് കങ്കാരുക്കള്‍ക്ക് വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ ക്രീസില്‍ പിടിച്ചു നില്‍ക്കുകയെന്ന തന്ത്രമാകും അവര്‍ക്ക് മുന്നിലുള്ളത്.
മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ഓസീസിന് വെല്ലുവിളിയാണ്. ജസ്‌പ്രീത് ബുമ്ര - മുഹമ്മദ് ഷാമി സഖ്യത്തെ നേരിടുക കഠിനമാണ്. ബുമ്രയുടെ പന്തുകളെ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായാല്‍ കളി ഇന്ത്യയുടെ വരുതിയിലാകും.
പരമ്പര കൈവിടാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ പയറ്റുക. ജഡേജ - പന്ത് സഖ്യത്തിനെ കൂടുതല്‍ നേരം ക്രീസില്‍ നിര്‍ത്താനുള്ള പദ്ധതി ജയം അല്ലെങ്കില്‍ സമനില ഉദ്ദേശിച്ചുള്ളതായിരുന്നു.
500ന് മുകളില്‍ സ്‌കോര്‍ ചെയ്‌തതിനു പിന്നാലെ ഇന്ത്യ ഡിക്ലെയര്‍ ചെയ്യുമെന്നായിരുന്നു നിഗമനം. എന്നാല്‍ ജഡേജ - പന്ത് കൂട്ടുക്കെട്ട് പൊളിയുന്നതുവരെ കാത്തിരിക്കാനായിരുന്നു കോഹ്‌ലിയുടെ തീരുമാനം. ഈ നീക്കം മത്സരം നഷ്‌ടമാകാതിരിക്കാനുള്ള ക്യാപ്‌റ്റന്റെ തന്ത്രമായിരുന്നു.