ഐപിഎൽ ഒന്നാം പാദത്തിൽ കടുത്ത ആരാധകരെ പോലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്‌ചവെച്ചത്. ഇന്ത്യയിൽ നടന്ന ആദ്യപാദത്തിൽ നിന്നും യുഎയിൽ എത്തിയപ്പോഴാകട്ടെ ടീം അക്ഷരാർധത്തിൽ ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ചെയ്‌തത്.
ഗ്രൂപ്പ് ഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്ന സാധ്യത നിലനിന്ന ടീം ഐപിഎൽ ഫൈനലിലേക്ക് യോഗ്യതയുറപ്പിക്കുമ്പോൾ നമ്മൾ രണ്ടാം പാദ ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് എന്തുമാറ്റമാണ് ഉണ്ടായത് എന്ന് പരിശോധിക്കേണ്ടതായുണ്ട്. വെങ്കടേഷ് അയ്യർ എന്ന ഇടം കയ്യൻ ഓപ്പണിങ് ബാറ്റ്സ്മാന്റെ സാന്നിധ്യമാണ് മറ്റ് ടീമുകളിൽ നിന്നും കൊൽക്കത്തയെ ഇക്കുറി വേറിട്ടു നിർത്തുന്നത്.
സീസണിലെ തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ അർധസെഞ്ചുറി നേടികൊണ്ടാണ് അയ്യർ തന്റെ വരവറിയിച്ചത്. രണ്ടാം പാദ ഐപിഎല്ലിൽ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റോടെ 320 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. 3 ഫിഫ്‌റ്റികളും ഇതിൽ ഉൾപ്പെടുന്നു.
യുഎഇയില്‍ ഐപിഎല്ലിനു വേദിയായ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ മൂന്നു വേദികളിലും അർധസെഞ്ചുറി സ്വന്തമാക്കാൻ അയ്യർക്ക് സാധിച്ചു. യുഎഇയിലെ രണ്ടാംപാദത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരവും കൂടിയാണ് വെങ്കടേഷ് അയ്യർ, ചെന്നൈ സൂപ്പർ കിങ്സിന്റെ എഞ്ചിനായ റുതുരാജ് ഗെയ്‌ക്ക്വാദ് (407) റൺസ് മാത്രമാണ് അയ്യർക്ക് മുന്നിലുള്ളത്.
അതേസമയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കന്നി സീസണില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരമെന്ന നേട്ടവും അയ്യർ സ്വന്തമാക്കി. നിതീഷ് റാണ (359), രാഹുല്‍ ത്രിപാഠി (352), മുന്‍ കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (346), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (331) എന്നിവരാണ് ടോപ്പ് ഫോറിലുള്ള മറ്റ് ബാറ്റ്സ്മാന്മാർ.