ലോകക്രിക്കറ്റില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ദയനീയമായ അവസ്ഥയിലൂടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. ഏകദിനത്തിലും ടി20യിലും ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പോലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ കുഞ്ഞന്മാരായ ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ 2 ടെസ്റ്റുകളില്‍ പരാജയമായിരിക്കുകയാണ് പാക് ടീം.
എന്നാല്‍ 10 വര്‍ഷം മുന്‍പ് വരെയുള്ള പാകിസ്ഥാന്‍ ടീമിനെ കണക്കിലെടുക്കുമ്പോള്‍ പോലും പാക് ക്രിക്കറ്റിന് ഇങ്ങനെയൊരു വീഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നറായ ആര്‍ അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. എന്തൊരു വിജയമായിരുന്നു ബംഗ്ലാദേശിന്റേത്. പാകിസ്ഥാന് ഇത് വളരെ നിരാശയേറിയ കാര്യമാണ്. എളുപ്പത്തില്‍ തോല്‍പ്പിക്കാവുന്ന ഒരു ടീമായിരുന്നില്ല പാകിസ്ഥാന്‍. എന്നാല്‍ കഴിഞ്ഞ 1000 ദിവസമായി സ്വന്തം നാട്ടില്‍ പാകിസ്ഥാന്‍ പരമ്പര നേടിയിട്ടില്ല എന്നത് ഞെട്ടിക്കുന്നു.
വഖാര്‍ യൂനിസ്,വസീം അക്രം,ഷോയ്ബ് അക്തര്‍,ഇമ്രാന്‍ ഖാന്‍,ഇന്‍സമാം ഊള്‍ ഹഖ്,ഇജാസ് അഹ്മദ്,സലീം മാലിക്,സയീദ് അജ്മല്‍,അമീര്‍ സൊഹെയ്ല്‍ അങ്ങനെ എത്രയധികം മഹത്തായ താരങ്ങള്‍ കളിച്ച ടീമാണത്. ഒരു 10 വര്‍ഷം മുന്‍പത്തെ കാര്യം പോലും എടുത്തുനോക്കു. മിസ്ബാ, യൂനിസ് ഖാന്‍, യാസിര്‍ ഷാ,അബ്ദുള്‍ റഹ്മാന്‍,സുള്‍ഫിക്കര്‍ ബാബര്‍ ആ ഒരു ടീമിന്റെ നിലവിലെ അവസ്ഥ നോക്കു. എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. അശ്വിന്‍ പറഞ്ഞു.