റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍ തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് നായകന്‍ റമീസ് രാജ. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പില്‍ പാക് പേസര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുപറത്തിയതിന് പിന്നാലെയാണ് പേരുകേട്ട പാക് പേസ് നിരയുടെ തകര്‍ച്ച തുടങ്ങിയതെന്ന് റമീസ് രാജ പറഞ്ഞു.
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ തോല്‍വിക്കുന്നതിന് കാരണം ടീം സെലക്ഷനാണ്. ഒരു സ്പിന്നര്‍ പോലും ഇല്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. പാക് പേസ് നിരയുടെ നല്ലകാലം കഴിഞ്ഞു എന്നതാണ് രണ്ടാമത്തെ കാര്യം. അത് തുടങ്ങിയത് കഴിഞ്ഞ ഏഷ്യാകപ്പിലായിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക് പേസ് നിരയെ അടിച്ചുതകര്‍ത്തപ്പോള്‍ അത്രയും കാലം കൊണ്ടുണ്ടാക്കിയ നല്ല പേരെല്ലാം തന്നെ പോയി. ഇപ്പോള്‍ പാക് പേസര്‍മാരെ എങ്ങനെ നേരിടണമെന്ന് എതിരാളികള്‍ക്കറിയാം. ഇതിന് ശേഷം പാക് ബൗളര്‍മാരുടെ ആത്മവിശ്വാസം തന്നെ പോയെന്നും റമീസ് രാജ പറഞ്ഞു.
റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്റെ പേരുകേട്ട പേസ് ബൗളിംഗ് നിരയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ 125-135 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. മത്സരസാഹചര്യം വിലയിരുത്താന്‍ പാക് നായകന്‍ ഷാന്‍ മസൂദിന് തെറ്റ് പറ്റുകയും ചെയ്തതാണ് ബംഗ്ലാദേശിനെതിരെ പോലും തോല്‍ക്കാന്‍ കാരണമായതെന്നും റമീസ് രാജ വ്യക്തമാക്കി.