ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന് ഇരട്ടസെഞ്ചുറിക്കരികില്‍ നില്‍ക്കെ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്ത തീരുമാനത്തിനെതിരെ പാക് ആരാധകര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 113 ഓവറില്‍ 448 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കെയാണ് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തത്. 171 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ ക്രീസില്‍ നില്‍ക്കെയായിരുന്നു നായകന്‍ ഷാന്‍ മസൂദിന്റെ തീരുമാനം. ഇതാണ് പാക് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
ടീം സ്‌കോര്‍ 450ല്‍ എത്തുമ്പോള്‍ തന്നെ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നും മുഹമ്മദ് റിസ്വാന് അര്‍ഹതപ്പെട്ട ഇരട്ടസെഞ്ചുറി നേട്ടമാണ് ഇതിലൂടെ പാക് നായകന്‍ നിഷേധിച്ചതെന്നും പാക് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു. അതേസമയം ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും ടീം സ്‌കോര്‍ 450ന് അടുത്തെത്തിയാല്‍ ഡിക്ലയര്‍ ചെയ്യുമെന്ന് നേരത്തെ തന്നെ റിസ്വാനെ അറിയിച്ചിരുന്നുവെന്നും പാക് ടീമിലെ സഹതാരമായ സൗദ് ഷക്കീല്‍ വ്യക്തമാക്കി.
എന്നാല്‍ ഇതിനോടും പാക് ആരാധകര്‍ക്ക് എതിര്‍പ്പാണുള്ളത്. പാകിസ്ഥാന് എളുപ്പത്തില്‍ 500 റണ്‍സും റിസ്വാന് ഇരട്ടസെഞ്ചുറിയും നേടാമെന്നിരിക്കെ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് പാക് ആരാധകര്‍ പറയുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സൗദ് ഷക്കീലിന്റെ(141), മുഹമ്മദ് റിസ്വാന്റെ(171*) ഇന്നിങ്ങ്‌സുകളുടെ ബലത്തിലാണ് 448 റണ്‍സിലെത്തിയത്. ബാബര്‍ അസം പൂജ്യത്തിന് മടങ്ങിയപ്പോള്‍ സൈം അയൂബ്(56), സൗദ് ഷക്കീല്‍,മുഹമ്മദ് റിസ്വാന്‍ എന്നിവരൊഴികെ ആര്‍ക്കും തന്നെ പാക് നിരയില്‍ തിളങ്ങാനായില്ല.