ടെസ്റ്റിൽ ജയ്സ്വാൾ ഇന്ത്യയുടെ ഭാവി നായകനാകട്ടെയെന്ന് ഗംഭീർ, പന്ത് മതിയെന്ന് സെലക്ഷൻ കമ്മിറ്റി
, ബുധന്‍, 15 ജനുവരി 2025 (09:40 IST)
രോഹിത് ശര്‍മയ്ക്ക് പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ക്കും വ്യത്യസ്തമായ നിലപാടുകളെന്ന് റിപ്പോര്‍ട്ട്. യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ ഭാവിനായകനായി വളര്‍ത്തിയെടുക്കാനാണ് ഗംഭീര്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ റിഷഭ് പന്തിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിക്ക് താത്പര്യം.
നിലവില്‍ ജസ്പ്രീത് ബുമ്രയാണ് രോഹിത്തിന്റെ അഭാവത്തില്‍ ടീം നായകനെങ്കിലും സ്ഥിരമായി പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ് എന്നതാണ് ബുമ്രയല്ലാതെയുള്ള ഓപ്ഷനിലേക്ക് ബിസിസിഐ തിരിയാന്‍ കാരണം. ബുമ്ര നായകനായാലും ഉപനായക സ്ഥാനത്തേക്ക് ഒരാളെ കൊണ്ടുവന്ന് നായകനാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ഗംഭീറിന്റെ പദ്ധതി. ഈ സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാളിനെയാണ് ഗംഭീര്‍ നിര്‍ദേശിച്ചത്. എന്നാല്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന അഭിപ്രായമാണ് സെലക്ഷന്‍ കമ്മിറ്റിക്കുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരിക. കുറച്ച് മാസങ്ങള്‍ കൂടി ഇന്ത്യന്‍ നായകനായി തുടരാന്‍ രോഹിത് ഇതിനിടെ സന്നദ്ധത അറിയിച്ചിരുന്നു. പുതിയ നായകനെ തിരെഞ്ഞെടുക്കുന്നതിന് നിരുപാധികമായ പിന്തുണ രോഹിത് യോഗത്തില്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Follow Webdunia malayalam
അടുത്ത ലേഖനം