ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ആശങ്കയായി ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സിന്റെ പരിക്ക്. ലംബര്‍ ബോണ്‍ സ്ട്രസ് എന്ന നടുവേദനയില്‍ വലയുന്ന താരത്തിന് നവംബര്‍ 21ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന ആശങ്ക ശക്തമാണ്. താരം പരിക്കില്‍ നിന്നും മോചിതനാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജൂലൈയില്‍ വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതുവരെയും കമ്മിന്‍സ് ബൗളിംഗ് പരിശീലനം പുനരാരംഭിച്ചിട്ടില്ല. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് താരത്തെ തിരിച്ചെത്തിക്കുന്നത് പരിക്കിനെ വഷളാക്കും എന്നതിനാല്‍ വിദഗ്ധ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാകും തീരുമാനമുണ്ടാവുക. കമ്മിന്‍സിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കുന്നുണ്ടെങ്കിലും ആഷസ് പരമ്പരയുടെ അവസാനത്തോടെ മാത്രമാകും കളിക്കാനാവുക എന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.