ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് റോളില്‍ തിളങ്ങിയ താരമാണെങ്കിലും ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ ടീമിന് പുറത്താണ്. ഗില്‍ തിരിച്ചെത്തിയതോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായതാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിരയില്‍ സഞ്ജുവിന് ടീം അവസരങ്ങള്‍ നല്‍കിയെങ്കിലും ഫിനിഷിങ് റോളില്‍ മികവ് തെളിയിച്ച ജിതേഷ് ശര്‍മയ്ക്കാണ് ഇന്ത്യ നിലവില്‍ പ്രാധാന്യം നല്‍കുന്നത്. തുടര്‍ച്ചയായ നാലാം മത്സരത്തിലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കെകെആര്‍ മുന്‍ ടീം ഡയറക്ടറായ ജോയ് ഭട്ടാചാര്യ.
ഗില്ലിനെ ഇന്ത്യ അടുത്ത ടി20 ലോകകപ്പില്‍ ഓപ്പണറായി നിശ്ചയിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ തട്ടികളിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണെന്നാണ് ഭട്ടാചാര്യ പറയുന്നത്. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് കെകെആര്‍ മുന്‍ ടീം ഡയറക്ടറുടെ പ്രതികരണം. സഞ്ജു ഓപ്പണറായി 3 സെഞ്ചുറികള്‍ നേടി കഴിവ് തെളിയിച്ച താരമാണ്. അത്തരമൊരു ഓപ്പണറെ തെറ്റായ സ്ഥാനത്ത് ഉപയോഗിക്കുന്നതിന് പകരം 4-6 സ്ഥാനങ്ങളില്‍ റിഷഭ് പന്തിനെ പോലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ഫിനിഷറെയാണ് എടുക്കേണ്ടത്. ഗില്ലിന്റെ സ്ഥാനം ഉറപ്പെങ്കില്‍ ടീമിന് ആവശ്യം ഒരു വിക്കറ്റ് കീപ്പര്‍ ഫിനിഷറെയാണ്. അതാണ് ജിതേഷ്. ബാക്കപ്പ് കീപ്പറായി എത്തേണ്ടതും മധ്യനിരയില്‍ കളിക്കുന്ന താരമാകണം. അല്ലാത്തപക്ഷം സഞ്ജുവിനെ തെറ്റായ സ്ഥാനത്ത് ഇറക്കുന്നതില്‍ അര്‍ഥമില്ല. ഭട്ടാചാര്യ പറഞ്ഞു.