ICC ODI Ranking: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം പുതുക്കിയ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഒന്നാം സ്ഥാനത്തെത്തിയ രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മികവ് തുടര്‍ന്നതിനാല്‍ ഈ സ്ഥാനം നിലനിര്‍ത്തി.
781 റേറ്റിങ്ങോടെയാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം സ്ഥാനത്തായിരുന്ന വിരാട് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാമതെത്തി. 773 പോയിന്റാണ് കോലിക്കുള്ളത്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ നാലാമതുമാണ്.
ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ രോഹിത്തും കോലിയും ഉറപ്പിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഉണ്ട്. ഒന്‍പതാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം പിന്നിലേക്ക് ഇറങ്ങി പത്താം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിച്ചിട്ടില്ല.