ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്ങ്‌സിനും 32 റണ്‍സിനും പരാജയമായപ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്‍ നടത്തിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 2 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 26 റണ്‍സുമായിരുന്നു താരം നേടിയത്. കരിയറില്‍ 19 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 31 റണ്‍സ് ശരാശരി മാത്രമാണ് താരത്തിനുള്ളത്. വിരാട് കോലിയുടെ പിന്‍ഗാമിയായി താരത്തെ കണക്കാക്കുന്നതിനിടെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ താരം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത്.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രധാനപ്രശ്‌നം എന്താണെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ വളരെ അഗ്രസീവായാണ് കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിലും വ്യത്യാസമുണ്ട്. വൈറ്റ് ബോളിനേക്കാള്‍ റെഡ് ബോളിന് മൂവ്‌മെന്റ് കൂടുതല്‍ ലഭിക്കും. ബൗണ്‍സും കൂടുതലായിരിക്കും. അതിനാല്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കണം. മികച്ച രീതിയിലാണ് ഗില്‍ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്തത്. അയാള്‍ ഫോം പെട്ടെന്ന് തന്നെ വീണ്ടെടുക്കുമെന്ന് കരുതാം. കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നടത്തുകയാണെങ്കില്‍ ഭാവിയില്‍ മികച്ച താരമാകാന്‍ ഗില്ലിന് സാധിക്കും. ഗവാസ്‌കര്‍ പറഞ്ഞു.