Pratika Rawal: വീല്‍ചെയറില്‍ പ്രതിക; ആരും മറക്കില്ല നിങ്ങളെ !
ലോകകപ്പില്‍ ഏഴ് കളികളില്‍ ഇന്ത്യക്കായി ഇറങ്ങിയ റാവല്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 51.33 ശരാശരിയില്‍ 308 റണ്‍സ് നേടി
Publish Date: Mon, 03 Nov 2025 (12:38 IST)
Updated Date: Mon, 03 Nov 2025 (12:41 IST)
Pratika Rawal: ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ ആരും മറക്കാന്‍ പാടില്ലാത്ത പേരാണ് പ്രതിക റാവലിന്റേത്. ഓപ്പണറായി ടീമിലെത്തിയ റാവല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരുക്കേറ്റാണ് പുറത്തായത്. എങ്കിലും ഈ കിരീട നേട്ടത്തില്‍ റാവലിന്റെ പങ്ക് ചെറുതല്ല.
ലോകകപ്പില്‍ ഏഴ് കളികളില്‍ ഇന്ത്യക്കായി ഇറങ്ങിയ റാവല്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 51.33 ശരാശരിയില്‍ 308 റണ്‍സ് നേടി. ലോകകപ്പ് റണ്‍വേട്ടയില്‍ റാവല്‍ നാലാമതാണ്. 37 ഫോറുകളും നാല് സിക്‌സുകളുമാണ് റാവല്‍ നേടിയത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് റാവലിന്റെ കാലിനു പരുക്കേറ്റത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ച ശേഷം വീല്‍ചെയറിലായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. സഹതാരങ്ങള്‍ റാവലിനെ വീല്‍ചെയറില്‍ പൊന്നുപോലെ കൊണ്ടുനടന്നു.
ഇതിനിടെ വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കും മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. മെഡല്‍ വിതരണ സമയത്ത് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന റാവലിനെ വീല്‍ ചെയറില്‍ പോഡിയത്തിലേക്ക് കയറ്റി. ഗ്രൂപ്പ് ഫോട്ടോയില്‍ അടക്കം റാവലിനു കൃത്യമായ സ്ഥാനം നല്‍കാന്‍ സഹതാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു.