2025ലെ വനിതാ ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങി ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തതില്‍ പ്രധാനി 21കാരിയായ ഷെഫാലി വര്‍മയാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായി മാറിയ ഷെഫാലി തന്റെ മോശം ഫോമിന്റെയും സ്ഥിരതയില്ലായ്മയുടെയും കാരണത്താന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഷെഫാലിക്ക് പകരമെത്തിയ പ്രതിക റാവല്‍ സ്ഥിരമായി മികച്ച പ്രകടനങ്ങള്‍ നടത്തുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ഷെഫാലിയുടെ തിരിച്ചുവരവ് കഠിനമായി മാറിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരം പ്രതിക റാവലിന് പരിക്കേറ്റതോടെയാണ് സെമി, ഫൈനല്‍ മത്സരങ്ങളിലേക്ക് ഷെഫാലിക്ക് വിളിയെത്തിയത്.
സെമിഫൈനലില്‍ ഓസീസിനെതിരെ നിരാശപ്പെടുത്തിയെങ്കിലും ഫൈനല്‍ മത്സരത്തില്‍ 78 പന്തില്‍ 87 റണ്‍സുമായി ഷെഫാലി കളം നിറഞ്ഞു. പന്ത് കൊണ്ടും മാജിക് കാണിച്ചതോടെ ഒറ്റ ദിവസം കൊണ്ട് ഷെഫാലിയുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ ചെറിയ കാലയളവില്‍ ഒട്ടേറെ കാര്യങ്ങളാണ് ഷെഫാലിയുടെ ജീവിതത്തില്‍ സംഭവിച്ചത്.
സ്ഥിരമായി മോശം പ്രകടനങ്ങളായതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഷെഫാലി പുറത്താകുന്നതും പിതാവിന് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്‍ നല്‍കിയ അഭിമുഖത്തില്‍ ഷെഫാലി പറയുന്നതിങ്ങനെ. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നതിന്റെ 2 ദിവസം മുന്‍പാണ് ഞാന്‍ ടീമില്‍ നിന്നും പുറത്താകുന്നത്. ഈ സമയത്ത് ആശുപത്രിയിലായിരുന്ന അച്ഛനോട് അക്കാര്യം ഞാന്‍ മറച്ചുവെച്ചു. ഒരാഴ്ചയ്ക്ക് ശേഷമാണ് പറഞ്ഞത്.
ഷെഫാലിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വലിയ കരുത്തും സാന്നിധ്യവുമാണ് അച്ഛന്‍ സഞ്ജീവ് വര്‍മ. അച്ഛന്റെ അകമഴിഞ്ഞ പിന്തുണയുടെ കൂടി കരുത്തിലാണ് ഇന്ത്യയുടെ ടി20 ടീമില്‍ 15 വയസില്‍ ഷെഫാലി അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പല വമ്പന്‍ പ്രകടനങ്ങളും നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ എന്നും ഷെഫാലിയെ വേട്ടയാടിയിരുന്നു. ഓപ്പണിംഗ് സ്ഥാനത്തേക്ക് ഷെഫാലിക്ക് പകരം പ്രതിക റാവല്‍ എത്തുന്നതും പ്രതിക പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമാകുന്നതും അങ്ങനെയാണ്.എങ്കിലും ലോകകപ്പില്‍ വീണുകിട്ടിയ അവസരം ഷെഫാലി ശരിക്കും മുതലെടുത്തു. ഫൈനലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രകടനങ്ങള്‍ നടത്താനായതോടെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഒഴിവാക്കാനാവാത്ത ഒരേട് എഴുതിചേര്‍ക്കാന്‍ ഷെഫാലിയ്ക്കായി.