'നിങ്ങള്‍ എല്ലാം കാണുന്നില്ലേ'; ടീം സെലക്ഷനില്‍ പുറത്ത്, പിന്നാലെ പോസ്റ്റുമായി പൃഥ്വി ഷാ, കടുത്ത അവഗണനയെന്ന് ആരാധകര്‍
ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൃഥ്വി ഷായുടെ പ്രതികരണം
ട്വന്റി 20 ലോകകപ്പിനു പിന്നാലെ നടക്കാന്‍ പോകുന്ന ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പല യുവതാരങ്ങള്‍ക്കും അത് ടീമിലെത്താല്‍ വഴിയൊരുക്കി. എന്നാല്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള പൃഥ്വി ഷാ സ്‌ക്വാഡില്‍ ഇടംപിടിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ പരോക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൃഥ്വി ഷായുടെ പ്രതികരണം. സായ് ബാബയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ' നിങ്ങള്‍ എല്ലാം കാണുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു സായ് ബാബാ' എന്നാണ് പൃഥ്വി ഷാ കുറിച്ചിരിക്കുന്നത്.
കെ.എല്‍.രാഹുലിന്റെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ഏറ്റവും അപകടകാരിയായ ട്വന്റി 20 ബാറ്റര്‍ പൃഥ്വി ഷായ്ക്ക് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.