മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് ഇനി പരിഗണിക്കില്ല. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും ഒഴിവാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പുജാരയേയും രഹാനെയേയും ഒഴിവാക്കിയത് ഇക്കാരണത്താലാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വിരാട് കോലി തീരുമാനിച്ചപ്പോള്‍ പകരം രജത് പട്ടീദാറിനെയാണ് പകരക്കാരനായി ടീമില്‍ എടുത്തത്. കോലിക്ക് പകരമായി പോലും രഹാനെയെയോ പുജാരയെയോ പരിഗണിക്കേണ്ടതില്ലെന്നാണ് സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും നിലപാട്.
രഹാനെ, പുജാരെ എന്നിവര്‍ക്ക് പകരമായി കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അവസരം നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. യഷസ്വി ജയ്‌സ്വാള്‍ ഓപ്പണറായി തിളങ്ങിയാല്‍ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് ഇറക്കും. ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കാന്‍ മത്സരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രഹാനെ, പുജാര എന്നീ താരങ്ങള്‍ക്ക് ഇനിയും അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സെലക്ടര്‍മാരുടെ നിലപാട്.
ഇന്ത്യക്കു വേണ്ടി 85 ടെസ്റ്റുകളില്‍ നിന്ന് 38.46 ശരാശരിയില്‍ 5077 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. 103 ടെസ്റ്റുകളില്‍ നിന്ന് 43.60 ശരാശരിയില്‍ 7195 റണ്‍സാണ് പുജാര നേടിയത്.