സസെക്സ് വൺ ഡേ കപ്പിൽ സെഞ്ചുറികളുമായി ആറാടുകയാണ് ഇന്ത്യൻ താരമായ ചേതേശ്വർ പുജാര. സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികളും 2 അർധസെഞ്ചുറികളും ഉൾപ്പടെ 624 റൺസാണ് താരം സ്വന്തമാക്കിയത്. തൻ്റെ സ്വതസിദ്ധമായ ടെസ്റ്റ് ശൈലി മാറ്റിനിർത്തി 112 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലായിരുന്നു താരത്തിൻ്റെ പ്രകടനം.
ഇപ്പോഴിതാ തൻ്റെ ഈ മാറ്റത്തെ പറ്റി തുറന്നു സംസാരിച്ചിരിക്കുകയാണ് താരം. 2021ലെ ഐപിഎൽ താരലേലത്തിൽ ചേതേശ്വർ പുജാരയെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിൽ പോലും താരത്തിന് അവസരം നൽകിയിരുന്നില്ല. ഈ ഒഴിവാക്കലാണ് തൻ്റെ ബാറ്റിങ്ങിൽ വന്ന മാറ്റത്തിന് കാരണമെന്ന് പുജാര പറയുന്നു.
ഉറപ്പായും ഇത് എൻ്റെ കളിശൈലിയുടെ വ്യത്യസ്തമായ ഭാഗമാണ്. കഴിഞ്ഞ വർഷത്തിന് മുൻപുള്ള സീസണിൽ ഞാൻ സിഎസ്‌കെയുടെ ഭാഗമായിരുന്നു. അവിടെ സഹതാരങ്ങൾ മത്സരത്തിനായി തയ്യാറെടുക്കുന്നത് ഞാൻ നോക്കി നിൽക്കുക മാത്രമായിരുന്നു. ഷോർട്ടർ ഫോർമാറ്റിൽ ബാറ്റ് ചെയ്യണമെങ്കിൽ ഞാൻ കുറച്ചുകൂടി ഭയമില്ലാതെ കളിക്കണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
എൻ്റെ വിക്കറ്റിന് വില നൽകുന്നതായിരുന്നു എൻ്റെ പതിവ്. എന്നാൽ സ്ജോർട്ടർ ഫോർമാറ്റിൽ ഇത് തിരുത്തുന്നതിനായി തന്നെ പരിശീലനം നടത്തി. ചില ഷോട്ടുകളിൽ ഞാൻ കൂടുതൽ സമയം പരിശീലനം നടത്തി. ഇതെൻ്റെ ആത്മവിശ്വാസം ഉയർത്തി. പുജാര പറഞ്ഞു.