ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പേസര്‍ ക്രിസ് വോക്‌സിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രായം കൂടും തോറും വോക്‌സിന്റെ മികവ് ഏറി വരികയാണെന്നും വോക്‌സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാവാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അശ്വിന്‍ പറഞ്ഞു. മറ്റേത് ടീമിലായിരുന്നുവെങ്കിലും പ്ലേയിംഗ് ഇലവനില്‍ വോക്‌സ് ഉണ്ടായേനെയെന്നും അശ്വിന്‍ പറയുന്നു.
വോക്‌സ് സ്വാഭാവികമായി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും കാണുമ്പോള്‍ ശരിക്കും എനിക്ക് അയാളോട് അസൂയ തോന്നുന്നു. ഓരോ മത്സരം കഴിയും തോറും കൂടുതല്‍ മെച്ചപ്പെടുന്ന വോക്‌സിനെയാണ് നമ്മള്‍ കാണുന്നത്. എന്നിട്ടും ഇംഗ്ലണ്ടിന്റെ ഇലവനില്‍ അവന്‍ എന്തുകൊണ്ട് സ്ഥിരമാവുന്നില്ല എന്നത് എനിക്ക് മനസിലാകുന്നില്ല. സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിച്ചതൊടെ വോക്‌സിന് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന്‍ കൂട്ടിചേര്‍ത്തു.
2011ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ വോക്‌സ് 48 ടെസ്റ്റിലും 112 ഏകദിനത്തിലും 29 ടി20 മത്സരങ്ങളിലും മാത്രമാണ് ഇംഗ്ലണ്ടിനായി കളിച്ചത്. 48 ടെസ്റ്റുകളില്‍ നിന്ന് 149 വിക്കറ്റുകളും 112 ഏകദിനങ്ങളില്‍ നിന്ന്160 വിക്കറ്റുകളും 29 ടി20കളില്‍ നിന്നും27 വിക്കറ്റുമാണ് വോക്‌സിന്റെ പേരിലുള്ളത്.