ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി റെക്കോർഡ് ബുക്കിൽ ഇടം നേടി ഇന്ത്യൻ താരം ആർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിൻ്റെ 32ആം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ന് ഓസീസിനെതിരെ പിറന്നത്. ഇന്ത്യയിൽ താരം സ്വന്തമാക്കുന്ന 26ആം ഫൈഫറാണിത്. ഇതോടെ നാട്ടിൽ ടെസ്റ്റിൽ ഏറ്റവുമധികം ഫൈഫറുകളെന്ന നേട്ടം അശ്വിന് സ്വന്തമായി.
25 തവണ ഈ നേട്ടം സ്വന്തമാക്കിയിരുന്ന ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയെയാണ് അശ്വിൻ മറികടന്നത്. 47.2 ഓവർ ബൗൾ ചെയ്ത അശ്വിൻ 91 റൺസ് വഴങ്ങി 6 വിക്കറ്റാണ് വീഴ്ത്തിയത്. പരമ്പരയിലാകെ 24 വിക്കറ്റുകൾ താരം സ്വന്തമാക്കി. നാട്ടിൽ ഏറ്റവുമധികം തവണ 5 വിക്കറ്റ് സ്വന്തമാക്കിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് അശ്വിൻ.
73 ടെസ്റ്റിൽ നിന്ന് 45 തവണ 5 വിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമത്. 49 ടെസ്റ്റിൽ നിന്നും 26 തവണ 5 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ തന്നെ രംഗണ ഹെറാത്താണ് പട്ടികയിൽ രണ്ടാമതുള്ളത്.