ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് പരമ്പരയില്‍ സാധ്യത നിലനിര്‍ത്താന്‍ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. അവസാന ദിവസം വരെ നീണ്ട മൂന്നാം ടെസ്റ്റ് മത്സരത്തില്‍ അവസാനനിമിഷമാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കണമെന്നും മാഞ്ചസ്റ്ററില്‍ മത്സരിക്കുമ്പോള്‍ ഒരു അധിക ബൗളറെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ താരമായ അജിങ്ക്യ രഹാനെ.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രഹാനെ ഇക്കാര്യം പറഞ്ഞത്. ഒരു ടെസ്റ്റ് മത്സരമോ പരമ്പരയോ ജയിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എതിരാളിയുടെ 20 വിക്കറ്റുകളും വീഴ്ത്താന്‍ സാധിക്കണം എന്നതാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യ ഒരു അധിക ബൗളറെ ടീമില്‍ ചേര്‍ക്കണമെന്നാണ് എനിക്ക് തോന്നുന്നത്. മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റില്‍ പോലും ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകള്‍ നേടാനായിട്ടില്ല. 9 തവണ അവിടെ കളിച്ചപ്പോഴും ഒരു വിജയവും നേടാനായില്ല. ഈ സാഹചര്യത്തില്‍ ബൗളിങ്ങാണ് ഇന്ത്യ ശക്തിപ്പെടുത്തേണ്ടതെന്നാണ് രഹാനെ വ്യക്തമാക്കുന്നത്. പേസറെയാണോ സ്പിന്നറെയാണോ ഉള്‍പ്പെടുത്തേണ്ടത് എന്ന് രഹാനെ വ്യക്തമാക്കുകയും ചെയ്തിട്ടില്ല.