ഐപിഎല്‍ താരകൈമാറ്റത്തിന്റെ ഭാഗമായി നായകന്‍ സഞ്ജു സാംസണിനെ വിട്ടുനല്‍കുന്നതിനെ പറ്റി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. സഞ്ജുവിന് പകരമായി ചെന്നൈയുടെ വിശ്വസ്തതാരമായ രവീന്ദ്ര ജഡേജയ്ക്ക് പുറമെ കഴിഞ്ഞ സീസണില്‍ പകരക്കാരനായെത്തിയ ദക്ഷിണാഫ്രിക്കന്‍ യുവതാരമായ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും രാജസ്ഥാന്‍ ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സഞ്ജുവിന് പകരമായി ജഡേജയെ നല്‍കുന്നതില്‍ ചെന്നൈ സമ്മതിച്ചെങ്കിലും ബ്രെവിസിനെ നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. ഇനി കാര്യങ്ങള്‍ രാജസ്ഥാന്റെ കോര്‍ട്ടിലാണെന്ന് ചെന്നൈ വ്യക്തമാക്കിയെങ്കിലും സഞ്ജുവിനായുള്ള ശ്രമം തുടരുമെന്നാണ് ചെന്നൈ വ്യക്തമാക്കുന്നത്. ഐപിഎല്‍ മിനി താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും പറ്റി അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്.