കേരള ക്രിക്കറ്റ് ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്കും സെലക്ടര്‍മാര്‍ക്കും തീര്‍ച്ചയായിട്ടില്ല.എന്നാല്‍ അതിനിടയില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ഭാവിയെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.എന്തെല്ലാം സംഭവിച്ചാലും അടുത്ത ഐപിഎല്ലിന് മുന്‍പായി ഫ്രാഞ്ചൈസി വിടാന്‍ തന്നെ അനുവദിക്കണമെന്ന് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടതായാണ് ക്രികിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണിന് ഇടയില്‍ തന്നെ സഞ്ജു ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്നും മാറിയതോടെ സഞ്ജു ടീമില്‍ തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ തുടരുകയാണെങ്കിലും നായകസ്ഥാനം ലഭിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്തെല്ലാം സംഭവിച്ചാലും ടീം വിടാന്‍ അനുവദിക്കണമെന്ന് സഞ്ജു മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണിന് മുന്‍പായി ഇംഗ്ലീഷ് താരം ജോസ് ബട്ട്ലര്‍ ഉള്‍പ്പടെയുള്ള താരങ്ങളെ നിലനിര്‍ത്താത്തതിലുള്ള അതൃപ്തി സഞ്ജുവിനുണ്ടായിരുന്നു. ടീമിനകത്ത് തന്റെ തീരുമാനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാതെ കൂടി വന്നതോടെയാണ് ടീം വിടാനുള്ള തീരുമാനം സഞ്ജു ഉറപ്പിച്ചത്.