ഐപിഎൽ പതിനഞ്ചാം സീസൺ നാളെ തുടങ്ങാനിരിക്കെ രാജസ്ഥാൻ ക്യാമ്പിൽ അസ്വാരസ്യങ്ങൾ. ക്യാപ്‌റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്ത് വന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
റോയല്‍സിന്റെ ടീം ബസില്‍ സഞ്ജു സാംസണ്‍ യാത്ര ചെയ്യുന്ന ചിത്രം ചില മാറ്റങ്ങള്‍ വരുത്തി ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവര്‍ എഡിറ്റ് ചെയ്ത് ചേർത്തിരുന്നു. ഇതിന് പിന്നാലെ സഞ്ജു പ്രതികരണവുമായി രംഗത്തെത്തി.
സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം. രാജസ്ഥാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് സഞ്ജു പറഞ്ഞു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. സംഗതി കൈവിട്ടു പോയതോടെയാണ് സോഷ്യൽ മീഡിയ ടീമിനെ മാറ്റുകയാണെന്ന് വിശദീകരിച്ച് ടീം മാനേജ്‌മെന്റ് രംഗത്തെത്തിയത്.
ടീമിനുള്ളിൽ എല്ലാം മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഇന്നത്തെ സംഭവവികാസങ്ങളുടെ പേരില്‍ ഞങ്ങളുടെ സമീപനത്തിലും സോഷ്യല്‍ മീഡിയയിലെ ടീമിലും മാറ്റങ്ങള്‍ വരുത്തുകയാണെന്നും പുതിയ സോഷ്യൽ മീഡിയ ടീമിനെ ഉടൻ നിയമിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.