ഗ്ലോബല്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റിന്‍ഡീസ് താരമായ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ഇക്കഴിഞ്ഞ മേജര്‍ ലീഗ് ക്രിക്കറ്റിലും മികച്ച പ്രകടനമായിരുന്നു ഹെറ്റ്‌മെയര്‍ നടത്തിയത്. ഗ്ലോബല്‍ സൂപ്പര്‍ ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കെയിന്‍സിനെതിരായ മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന് വേണ്ടിയായിരുന്നു ഹെറ്റ്‌മെയറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം.
മത്സരത്തില്‍ 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗയാന 9 ഓവറില്‍ 3 വിക്കറ്റിന് 43 റണ്‍സ് എന്ന നിലയിലായിരുന്നു. മത്സരത്തില്‍ ഫാബിയന്‍ അലന്‍ എറിഞ്ഞ പത്താമത്തെ ഓവറിലായിരുന്നു ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് പ്രകടനം. അലന്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തും ഹെറ്റ്‌മെയര്‍ സിക്‌സറടിച്ചു. ഓവറിലെ രണ്ടാം പന്തില്‍ ലൈഫ് കിട്ടിയതും താരത്തിന് തുണയായി. ഹെറ്റ്‌മെയര്‍ അടിച്ച രണ്ടാം പന്ത് ബൗണ്ടറിയില്‍ നിന്ന ഫീല്‍ഡറുടെ കൈകളില്‍ തട്ടിയാണ് സിക്‌സായത്. ഫാബിയാന്‍ അലന്‍ എറിഞ്ഞ പത്താം ഓവറില്‍ 32 റണ്‍സാണ് ഹെറ്റ്‌മെയര്‍ അടിച്ചെടുത്തത്. മത്സരത്തില്‍ അടുത്ത ഓവറില്‍ ഒരു സിക്‌സ് കൂടി നേടി പുറത്തായെങ്കിലും 10 പന്തില്‍ നിന്നും 39 റണ്‍സ് നേടിയാണ് ഹെറ്റ്‌മെയര്‍ പുറത്തായത്. മത്സരത്തില്‍ 16.3 ഓവറില്‍ ആമസോണ്‍ വാരിയേഴ്‌സ് വിജയിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന ഹെറ്റ്‌മെയര്‍ അവസാന ഓവറില്‍ 9 റണ്‍സ് വേണമെന്ന ഘട്ടങ്ങളില്‍ പോലും രാജസ്ഥാനായി തിളങ്ങിയിരുന്നില്ല. താരലേലത്തിന് മുന്‍പായി രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായ ഹെറ്റ്‌മെയറിന്റെ മോശം പ്രകടനം കഴിഞ്ഞ സീസണിലെ രാജസ്ഥാന്റെ സാധ്യതകളെ മൊത്തമായി ബാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ സീസണ്‍ കഴിഞ്ഞതോട് കൂടി കത്തുന്ന ഫോമിലാണ് വെസ്റ്റിന്‍ഡീസ് താരം.