ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. റിഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീം ഇന്ത്യ പരിഗണിക്കുമ്പോള്‍ സഞ്ജു ടീമില്‍ ഇടം നേടുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ടീം പ്രഖ്യാപനം. ഏറെക്കാലത്തിന് ശേഷം റിഷഭ് പന്ത് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒപ്പം റിങ്കു സിംഗിന് അവസരം ലഭിക്കാതെ വന്നതും ചര്‍ച്ചയാകും.
ഐപിഎല്ലില്‍ മോശം ഫോമിലാണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ഉപനായകന്‍. യൂസ്വേന്ദ്ര ചാഹല്‍ കൂടി ടീമില്‍ തിരിച്ചെത്തിയതോടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇത്തവണ ഐപിഎല്ലിലുള്ളത്. 15 അംഗ ടീമില്‍ ബുമ്രയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് എന്നീ 2 പേസര്‍മാരാണുള്ളത്. അതേസമയം രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,യൂസ്വേന്ദ്ര ചഹല്‍ എന്നിങ്ങനെ നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ശുഭ്മാന്‍ ഗില്‍,റിങ്കു സിംഗ്,ഖലീല്‍ അഹമ്മദ്,ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും ഇടം നേടി. പതിനഞ്ചംഗ സ്‌ക്വാഡിലുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാകും റിസര്‍വ് താരങ്ങളെ ടീമിലേക്ക് പരിഗണിക്കുക.