അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ വിദ്യഭ്യാസം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും.സ്ത്രീകളെ നഴ്‌സുമാരായി പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള താലിബാന്റെ തീരുമാനത്തെയാണ് അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ഐക്കണ്മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും പരസ്യമായി അപലപിച്ചത്.
2021 ഓഗസ്റ്റില്‍ താലിബാന്‍ ഏറ്റെടുത്തത് മുതല്‍ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഒന്നിന് പുറമെ ഒന്നായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇസ്ലാമില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്ത് കാണിച്ച് റാഷിദ് ഖാന്‍ തന്റെ നിരാശ പ്രകടിപ്പിച്ചത്. ഇസ്ലാമിക അധ്യാപനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവ് നേടുന്നതില്‍ ഊന്നല്‍ നല്‍കുന്നുവെന്നും 2 ലിംഗക്കാര്‍ക്കും തുല്യമായ മൂല്യം മതം നല്‍കുന്നതായും റാഷിദ് ഖാന്‍ കുറിച്ചു.
അഫ്ഗാനിലെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമുള്ള വിദ്യഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് അഗാധമായ നിരാശയോടെയും സങ്കടത്തോടെയും മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും വനിതാ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതില്‍ അഫ്ഗാനില്‍ വനിതാ പ്രൊഫഷണലുകളുടെ അടിയന്തിര ആവശ്യമുണ്ടെന്നും റാഷിദ് ഖാന്‍ പറഞ്ഞു. അഫ്ഗാന്‍ പെണ്‍കുട്ടികളെ മെഡിസിന്‍ പഠിക്കുന്നത് വിലക്കുന്ന താലിബാന്‍ തീരുമാനം ഹേദയഭേദകവും അനീതിയുമാണെന്നുമാണ് മുഹമ്മദ് നബി കുറിച്ചത്. ഇസ്ലാം എല്ലായ്‌പ്പോഴും വിദ്യഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഊന്നി പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് നബി കുറിച്ചു.