ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് വ്യക്തമാക്കി രവി ശാസ്ത്രി. ട്വന്റി 20 ലോകകപ്പിന് ശേഷം ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയും. താന്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ സ്വന്തമാക്കിയെന്നും ശാസ്ത്രി പറഞ്ഞു.
'ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വര്‍ഷം ഒന്നാം നമ്പര്‍ ടീമായി തുടര്‍ന്നു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിലും ജയം ആവര്‍ത്തിച്ചു. നേടാവുന്നതിന്റെ ഏറ്റവും പരമാവധിയാണിത്. ട്വന്റി 20 ലോകകപ്പ് കൂടി നേടുകയാണെങ്കില്‍ അത് ഇരട്ടി മധുരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ടീമില്‍ നിന്ന് നേടാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ സ്വന്തമാക്കി,' ശാസ്ത്രി പറഞ്ഞു.
അതേസമയം, പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. അനില്‍ കുംബ്ലെ, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരാണ് പ്രധാനമായും പരിഗണനയില്‍ ഉള്ളത്.