Ravindra Jadeja: ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് രവീന്ദ്ര ജഡേജയെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഐപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 141 റണ്‍സ് മാത്രമാണ് ജഡേജ നേടിയിരിക്കുന്നത്
Ravindra Jadeja: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ മോശം പ്രകടനമാണ് ജഡേജയ്ക്ക് തിരിച്ചടിയാകുക. ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ പരിഗണിക്കാനാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. ഐപിഎല്‍ പ്ലേ ഓഫിനു മുന്‍പ് സെലക്ടര്‍മാരും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചയിലാകും അന്തിമ തീരുമാനം.
ഐപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 141 റണ്‍സ് മാത്രമാണ് ജഡേജ നേടിയിരിക്കുന്നത്. 100 പന്തുകള്‍ നേരിട്ട ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് 141 ആണ്. പുറത്താകാതെ നേടിയ 57 ആണ് ഉയര്‍ന്ന സ്‌കോര്‍. ഫിനിഷര്‍ എന്ന റോളില്‍ അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ഒരു താരത്തിനു ഈ സ്‌ട്രൈക്ക് റേറ്റ് പോരെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഹിറ്റര്‍ എന്ന നിലയില്‍ ജഡേജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ജഡേജയെ ബാറ്റിങ്ങില്‍ ആശ്രയിക്കാന്‍ പറ്റില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം.
ബൗളിങ്ങിലും ശരാശരി പ്രകടനമാണ് ജഡേജ നടത്തിയിരിക്കുന്നത്. 150 പന്തുകളില്‍ നിന്ന് 196 റണ്‍സാണ് ഏഴ് കളികളിലായി വിട്ടുകൊടുത്തത്. വീഴ്ത്തിയത് വെറും നാല് വിക്കറ്റുകള്‍ മാത്രം.