ഐപിഎൽ പതിനാറാം പതിപ്പിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിരാട് കോലിയുടെ ആർസിബിക്ക് 21 റൺസ് തോൽവി. കൊൽക്കത്ത ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിക്ക് വേണ്ടി നായകൻ വിരാട് കോലി മാത്രമാണ് തിളങ്ങിയത്. കോലിയും ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് നൽകിയതെങ്കിലും 7 പന്തിൽ 17 റൺസ് നേടിയ ഡുപ്ലെസിസ് മടങ്ങിയതോടെ ആർസിബി തകർന്നു.
ഒരറ്റത്ത് കോലി നിലയുറപ്പിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 18 പന്തിൽ 34 റൺസ് നേടിയ ലോമ്രോർ മാത്രമെ കോലിക്ക് അല്പമെങ്കിലും പിന്തുണ നൽകിയുള്ളു. നാലാം വിക്കറ്റിൽ ഈ സഖ്യം 55 റൺസ് കൂട്ടിചേർത്ത് പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെത്തിയ ദിനേഷ് കാർത്തിക് അടക്കമുള്ള എല്ലാ താരങ്ങളും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ചേസിംഗിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും കോലിയുടെ ചുമലുകളിലായി.
സഹ കളിക്കാർ കൂടി മെല്ലെപ്പോക്ക് തുടർന്നതോടെ37 പന്തിൽ 54 റൺസെടുത്ത കോലി വമ്പനടിക്ക് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റ് നേടിയപ്പോൾ സുയാഷ് ശർമ്മയും ആന്ദ്രേ റസ്സലും 2 വിക്കറ്റ് വീഴ്ത്തി.