Publish Date: Mon, 10 Apr 2023 (15:16 IST)
Updated Date: Mon, 10 Apr 2023 (15:18 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ഓവറിലെ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന് മുന്നിൽ ഹീറോയായി മാറിയിരിക്കുകയാണ് കൊൽക്കത്ത താരം റിങ്കു സിംഗ്. മത്സരത്തിലെ അവസാന ഓവറിലെ അവസാന 5 പന്തുകളും താരം സിക്സർ പറത്തുന്നത് വരെ മത്സരം വിജയിക്കുമെന്ന് കൊൽക്കത്തൻ ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ടീമംഗങ്ങൾ പോലും തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നും ടീമിനെ വിജയത്തിലേക്ക് എത്തിച്ചതിനെ പറ്റി മത്സരശേഷം റിങ്കു സിംഗ് പറയുന്നത് ഇങ്ങനെ. സ്കോർബോർഡിൽ 18 പന്തിൽ നിന്ന് 48 റൺസ് എന്ന് കണ്ടതും പാകിസ്ഥാനെതിരെ കിംഗ് കോലി നടത്തിയ പ്രകടനമാണ് ഞാൻ ഓർത്തത്. എല്ലാ രാത്രിയും കോലിയുടെ ആ ഇന്നിംഗ്സ് ഞാൻ കാണുമായിരുന്നു. എനിക്ക് അതുപോലെ ഒന്ന് ചെയ്യാൻ അത് വലിയ ഊർജം നൽകി. റിങ്കു സിംഗ് പറഞ്ഞു.
കഴിഞ്ഞ സീസണിലും സമാനമായ ഒരു പ്രകടനം കൊൽക്കത്തയ്ക്കായി റിങ്കു നടത്തിയെങ്കിലും ആ മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ റിങ്കുവിനായിരുന്നില്ല. റിങ്കു ഒരു പോക്കറ്റാണെന്നാണ് മത്സരശേഷം താരത്തെ പറ്റി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി അഭിപ്രായപ്പെട്ടത്. ബ്രണ്ടൻ മക്കല്ലവും ആരോൺ ഫിഞ്ച് അടക്കമുള്ള മുൻ കൊൽക്കത്തൻ താരങ്ങളും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.