ശനിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനങ്ങളുമായി സജീവമാണ് ഇന്ത്യന്‍ ക്യാമ്പ്. ബിസിസിഐ പുറത്തുവിട്ട പരിശീലന ദൃശ്യങ്ങളില്‍ പുതിയ കോച്ച് ഗൗതം ഗംഭീറിനൊപ്പം താരങ്ങള്‍ പരിശീലനം ചെയ്യുന്ന കാഴ്ചകളുണ്ടായിരുന്നു. ഇതില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ പലപ്പോഴും ഗംഭീറിനൊപ്പമുണ്ടായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സഞ്ജുവിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് റിഷഭ് പന്ത് അനുകൂലികള്‍.
നിലവില്‍ ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലെയും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പിംഗ് താരമാണ് റിഷഭ് പന്ത്. സ്വാഭാവികമായും പന്താണ് ഇന്ത്യയുടെ ടി20 മത്സരങ്ങളില്‍ കളിക്കേണ്ടത്. എന്നാല്‍ ഗംഭീറിനെ സ്വാധീനിച്ച് ഇന്ത്യന്‍ ടീമില്‍ തന്റെ ഇടം നേടാനാണ് ഇപ്പോള്‍ സഞ്ജു സാംസണ്‍ ശ്രമിക്കുന്നതെന്ന് പന്ത് അനുകൂലികള്‍ പറയുന്നു. സമീപകാലത്തായി സഞ്ജു സാംസണ്‍ നടത്തുന്ന സ്ഥിരതയുള്ള പ്രകടനങ്ങള്‍ പന്ത് അനുകൂലികളെ അസ്വസ്ഥരാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
നേരത്തെ ഗൗതം ഗംഭീര്‍ പല സമയങ്ങളിലും സഞ്ജുവിലെ പ്രതിഭയെ പുകഴ്ത്തുകയും ഇന്ത്യന്‍ ടീമില്‍ സഞ്ജു കളിക്കുന്നില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏകദിന ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടെങ്കിലും ഗംഭീറിന് സഞ്ജുവിനോട് പ്രത്യേക താത്പര്യമുള്ളതായാണ് പരിശീലന വീഡിയോകള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ടീമില്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരിശീലന സെഷനുകളില്‍ മുന്‍ പരിശീലകരായ രവി ശാസ്ത്രി,രാഹുല്‍ ദ്രാവിഡ് എന്നിവരുമായി സഞ്ജു ഇത്രയും അടുപ്പം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ പന്തിന് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമെ ഗൗതം ഗംഭീറിന്റെ പിന്തുണയുണ്ടാകുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇത് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും ആരാധകര്‍ കരുതുന്നു.