Rishabh Pant: കിട്ടിയ അവസരം മുതലാക്കി റിഷഭ് പന്ത്; സഞ്ജുവിന് പണിയാകും !
ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു
Rishabh Pant: ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തില്‍ മികച്ച പ്രകടനവുമായി റിഷഭ് പന്ത്. ന്യുയോര്‍ക്കില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 32 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 53 റണ്‍സാണ് പന്ത് നേടിയത്. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ പന്ത് റിട്ടയേര്‍ഡ് ഔട്ട് ആകുകയായിരുന്നു. വണ്‍ഡൗണ്‍ ആയാണ് പന്ത് ക്രീസിലെത്തിയത്.
ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇന്നത്തെ മത്സരം. എന്നാല്‍ ആറ് പന്തില്‍ ഒരു റണ്‍സെടുത്ത് സഞ്ജു പുറത്തായി. രോഹിത് ശര്‍മ 19 പന്തില്‍ 23 റണ്‍സ് നേടി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് നേടിയിരിക്കുന്നത്.
ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് സിക്‌സ് സഹിതം 21 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്‌സോടെ ലോകകപ്പ് പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് ഇടം പിടിക്കാനാണ് സാധ്യത.