ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായാണ് മഹേന്ദ്ര സിംഗ് ധോനിയെ കണക്കാക്കപ്പെടുന്നത്. കളിച്ചിരുന്ന കാലത്ത് ഐസിസിയുടെ എല്ലാ പ്രധാന ട്രോഫികളും ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നായകനും ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടില്ല. ഇപ്പോഴിതാ ഇന്ത്യന്‍ നായകനായി വമ്പന്‍ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും രോഹിത് ശര്‍മയും നായകശേഷിയില്‍ ധോനിയോളം കരുത്തനാണെന്നാണ് ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് നോക്കിയാല്‍ എം എസ് ധോനിയാണ് ഏറ്റവും മികച്ച നായകനെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ധോനിയോളം മികച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മയും. ടീമിലെ ഓരോ താരത്തിന്റെയും കഴിവുകളും മികവും രോഹിത്തിന് നന്നായി അറിയാം. കൂടാതെ എല്ലാ താരങ്ങളുമായും വ്യക്തിപരമായി അടുപ്പം പുലര്‍ത്താനും രോഹിത്തിന് കഴിയാറുണ്ട്. അശ്വിന്‍ പറയുന്നു.
ലോകകപ്പില്‍ രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്താനായെങ്കിലും ഫൈനല്‍ മത്സരത്തില്‍ കാലിടറിയിരുന്നു. എങ്കിലും ടി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതില്ലെന്ന സമീപനമാണ് രോഹിത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിരിക്കുന്നത്.