വിരാട് കോലിയുടെ ബാറ്റിങ് ഫോംഔട്ടിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കോലിയെ ശര്‍മ ശക്തമായി പിന്തുണച്ചു. മാധ്യമങ്ങള്‍ കോലിയെ കുറിച്ച് നിരന്തരം സംസാരിക്കുന്നത് നിര്‍ത്തിയാല്‍ അദ്ദേഹം ശരിയാകുമെന്നും കോലിക്ക് ടീമില്‍ പൂര്‍ണ പിന്തുണയുണ്ടെന്നും രോഹിത് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയോട് അനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' നിങ്ങളെല്ലാവരും കുറച്ച് നേരത്തേക്ക് മിണ്ടാതെയിരുന്നാല്‍ അദ്ദേഹം ശരിയാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതേ കുറിച്ച് വല്ലാതെ സംസാരിക്കേണ്ടതോ ചര്‍ച്ച ചെയ്യേണ്ടതോ ആവശ്യമില്ലെന്നാണ് തോന്നുന്നത്. മാനസികമായി സ്വയം ശരിയാക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനു ധാരാളമുണ്ട്. ഒരു ദശകത്തിലേറെയായി അദ്ദേഹം ഈ ടീമിന്റെ ഭാഗമാണ്. എങ്ങനെ തിരുത്തണമെന്ന് അദ്ദേഹത്തിനു നന്നായിട്ടറിയാം. ഇത്ര ദീര്‍ഘമായ കാലഘട്ടം രാജ്യാന്തര ക്രിക്കറ്റില്‍ ചെലവഴിച്ച ഒരാള്‍ക്ക് സമ്മര്‍ദ്ദ സമയങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് നല്ല വ്യക്തതയുണ്ടാകും. നിങ്ങള്‍ കുറച്ച് നേരം മൗനം പാലിച്ചാല്‍ എല്ലാം കൃത്യസമയത്ത് നടക്കും. കോലി നന്നായി പെര്‍ഫോം ചെയ്യാന്‍ ക്യാപ്റ്റനും കോച്ചും എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പറഞ്ഞുവരുന്നത്?,' രോഹിത് ചോദിച്ചു.