തകര്‍ന്നുതുടങ്ങിയ ഒരു കപ്പലിനെ എങ്ങനെ തീരത്ത് അടുപ്പിക്കാമെന്നല്ല, എങ്ങനെ വിജയകരമായി ലക്‍ഷ്യസ്ഥാനത്ത് എത്തിക്കാമെന്നാണ് ഒരു നല്ല കപ്പിത്താന്‍ ശ്രമിക്കേണ്ടത് എന്നത് ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്‌ടന്‍ രോഹിത് ശര്‍മയുടെ തിയറിയാണ്. അതുതന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ചെയ്തതും. ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് രോഹിത് ശര്‍മ ശനിയാഴ്ച നേടിയത്.
പെട്ടെന്ന് മുന്‍നിര ബാറ്റിംഗ് തകര്‍ന്നപ്പോള്‍ കരുതോലോടെയും എന്നാല്‍ അഗ്രസീവായും കളിച്ച് ടീമിനെ വലിയ സ്കോറിലേക്ക് എത്തിക്കുക എന്ന ചുമതലയാണ് ഒന്നാം ദിവസം രോഹിത് ശര്‍മ നിറവേറ്റിയത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 117 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് രോഹിത് ശര്‍മ. വെറും 130 പന്തുകള്‍ മാത്രമാണ് സെഞ്ച്വറി തികയ്ക്കാന്‍ ഹിറ്റ്മാന് ആവശ്യമായി വന്നത്. ഇതുവരെ 14 ബൌണ്ടറികളും നാല് പടുകൂറ്റന്‍ സിക്സറുകളും രോഹിത് പായിച്ചുകഴിഞ്ഞു.
മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‌ലിയും പെട്ടെന്ന് പുറത്തായപ്പോഴും മനസാന്നിധ്യം വിടാതെ ഒരറ്റത്ത് ബാറ്റിംഗ് തുടരുകയാണ് രോഹിത് ശര്‍മ. അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ റോഹിത് മുന്നോട്ടുപോകുന്നത്. രോഹിത്തിനെ ഓപ്പണറാക്കിയപ്പോള്‍ മുഖം ചുളിച്ചവര്‍ക്കുള്ള തുടര്‍ച്ചയായ പ്രഹരം തന്നെയാണ് ഈ പരമ്പരയിലെ മൂന്നാം സെഞ്ച്വറി എന്ന് പറയാതിരിക്കാനാവില്ല.