Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

2007 ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത്തിനു ഐസിസിയുടെ ഒന്നാം നമ്പര്‍ ബാറ്ററാകാന്‍ കാത്തിരിക്കേണ്ടിവന്നത് ഏതാണ്ട് 18 വര്‍ഷം..!

Rohit Sharma, Rohit Sharma ICC Number 1 Rank, Rohit Sharma ODI Ranking, Rohit Sharma Ranking, Rohit Sharma and Virat Kohli, രോഹിത് ശര്‍മ, വിരാട് കോലി, രോഹിത് ശര്‍മ ഏകദിന റാങ്കിങ്‌

Nelvin Gok

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (15:39 IST)
Rohit Sharma

Rohit Sharma: ഒന്നാമനായി വിരാട് കോലി ഉള്ളതുകൊണ്ട് മാത്രം തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവനു 39 വയസ്സിലേക്ക് അടുക്കുമ്പോള്‍ സ്വപ്‌നനേട്ടം ! രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഇന്ത്യയുടെ ഹിറ്റ്മാന്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 
 
2007 ല്‍ അയര്‍ലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത്തിനു ഐസിസിയുടെ ഒന്നാം നമ്പര്‍ ബാറ്ററാകാന്‍ കാത്തിരിക്കേണ്ടിവന്നത് ഏതാണ്ട് 18 വര്‍ഷം..! രോഹിത് കേമന്‍ അല്ലാത്തതുകൊണ്ടായിരുന്നില്ല ഈ കാത്തിരിപ്പ്, മറിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ചവന്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് മാത്രം, രോഹിത്തിന്റെ സുഹൃത്ത് കൂടിയായ വിരാട് കോലി ! 
 
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിനെ ഇപ്പോള്‍ ഒന്നാമനാക്കിയിരിക്കുന്നത്. 781 റേറ്റിങ്ങോടെയാണ് രോഹിത്തിന്റെ ആരോഹണം. അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ 764 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 745 റേറ്റിങ്ങാണ് ഗില്ലിനുള്ളത്. 739 റേറ്റിങ്ങുമായി പാക്കിസ്ഥാന്‍ താരം ബാബര്‍ അസം നാലാം സ്ഥാനത്തും 734 റേറ്റിങ്ങുമായി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. എപ്പോഴും രോഹിത്തിനു സൗഹാര്‍ദ്ദപരമായ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഇന്ത്യയുടെ വെറ്ററന്‍ താരം വിരാട് കോലി 725 റേറ്റിങ്ങുമായി ആറാം സ്ഥാനത്തുണ്ട്. 
 
ഏകദിന കരിയറില്‍ രോഹിത് ശര്‍മയുടെ ഏറ്റവും ഉയര്‍ന്ന ഐസിസി റേറ്റിങ് 882 ആണ്. 2019 ലെ ലോകകപ്പിലാണ് രോഹിത് ഈ റേറ്റിങ് സ്വന്തമാക്കിയത്. എന്നാല്‍ അന്ന് രോഹിത്തിനു ഐസിസി ഒന്നാം റാങ്കില്‍ എത്താന്‍ സാധിച്ചില്ല. കാരണം അതിനേക്കാള്‍ നേരിയ വ്യത്യാസത്തില്‍ എങ്കിലും വിരാട് കോലി ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. അക്കാലത്ത് കോലിയുടെ റേറ്റിങ് 909 ആയിരുന്നു. 
 
സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് രോഹിത് ശര്‍മയുടെ ഇപ്പോഴത്തെ നേട്ടമെന്നത് ക്രിക്കറ്റ് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നു. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. 38 വര്‍ഷവും 182 ദിവസവും പ്രായമുള്ളപ്പോഴാണ് ഐസിസി റാങ്കിങ്ങില്‍ രോഹിത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2011 ല്‍ ഒന്നാം റാങ്കില്‍ എത്തുമ്പോള്‍ സച്ചിന്റെ പ്രായം 38 വര്‍ഷവും 73 ദിവസവും ആയിരുന്നു.
 
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയാല്‍ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുക എളുപ്പമാകുമെന്ന് കരുതിയിരുന്ന ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കുമുള്ള മറുപടിയാണ് രോഹിത്തിന്റെ ഒന്നാം സ്ഥാനം. ടെസ്റ്റിലും ട്വന്റി 20 യിലും വിരമിച്ച രോഹിത് 2027 ഏകദിന ലോകകപ്പ് വരെ ഏകദിന ഫോര്‍മാറ്റില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹമാണ് ഓസ്‌ട്രേലിയയിലെ ട്രിക്കിയായ പിച്ചുകളിലും രോഹിത്തിനു പോരാടാന്‍ കരുത്ത് പകര്‍ന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്