Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: അയാള്‍ നായകന്‍ മാത്രമല്ല ചാവേര്‍ കൂടിയാണ് !

ഏകദിന ഫോര്‍മാറ്റില്‍ തന്നേക്കാള്‍ അപകടകാരിയായ ബാറ്റര്‍ ലോക ക്രിക്കറ്റില്‍ ഇല്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് രോഹിത്

Rohit Sharma: അയാള്‍ നായകന്‍ മാത്രമല്ല ചാവേര്‍ കൂടിയാണ് !
, വ്യാഴം, 16 നവം‌ബര്‍ 2023 (09:30 IST)
Rohit Sharma: 2011 ലെ ലോകകപ്പ് നേട്ടത്തിനു ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2015 ലും 2019 ലും സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. തോല്‍വി അറിയാത്ത പത്ത് മത്സരങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഒരെറ്റ ജയം കൂടി നേടിയാല്‍ മൂന്നാം ലോകകപ്പ് ഇന്ത്യക്ക് സ്വന്തം ! ഏത് സാഹചര്യത്തേയും അസാമാന്യ ധൈര്യത്തോടെ നേരിടുന്ന നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. രോഹിത് നല്‍കുന്ന സ്വപ്‌നസമാനമായ തുടക്കത്തില്‍ നിന്നാണ് വിരാട് കോലി, ശ്രേയസ്, അയ്യര്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍ എന്നിവരെല്ലാം തകര്‍ത്തടിക്കുന്നത്. 
 
ഏകദിന ഫോര്‍മാറ്റില്‍ തന്നേക്കാള്‍ അപകടകാരിയായ ബാറ്റര്‍ ലോക ക്രിക്കറ്റില്‍ ഇല്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് രോഹിത്. എത്ര നേരം ക്രീസില്‍ നില്‍ക്കുന്നോ അത്രത്തോളം ഇന്ത്യയുടെ വിജയസാധ്യതയും വര്‍ധിക്കും. നായകന്‍ മാത്രമല്ല ചാവേര്‍ കൂടിയാണ് താനെന്ന് ഓരോ ഇന്നിങ്‌സിലൂടെയും രോഹിത് വിളിച്ചു പറയുന്നു. തുടക്കം മുതല്‍ ആക്രമിക്കുക എന്നതാണ് രോഹിത്തിന്റെ സ്ട്രാറ്റജി. 25 പന്തുകള്‍ നേരിട്ടാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സിന്റെ ഇംപാക്ട് ഉണ്ടാക്കിയിരിക്കും എന്ന് മനസില്‍ ഉറപ്പിച്ചാണ് രോഹിത് ബാറ്റ് ചെയ്യാനെത്തുന്നത് തന്നെ. സൂക്ഷിച്ചു കളിച്ചാല്‍ അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും സ്വന്തമാക്കാമെങ്കിലും വ്യക്തിനേട്ടങ്ങള്‍ക്കൊന്നും രോഹിത് ഒരു വിലയും നല്‍കുന്നില്ല.
 
രോഹിത് നല്‍കുന്ന മിന്നല്‍ തുടക്കങ്ങളാണ് പിന്നീട് ടെന്‍ഷന്‍ ഫ്രീയായി ബാറ്റ് ചെയ്യാന്‍ മധ്യനിരയെ പ്രേരിപ്പിക്കുന്നത്. സെമി ഫൈനലിലും രോഹിത് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി. തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് ഓപ്പോസിറ്റ് സൈഡിനെ മെന്റലി തകര്‍ക്കുകയാണ് രോഹിത്തിന്റെ ലക്ഷ്യം. സെമിയില്‍ ന്യൂസിലന്‍ഡ് ബൗളിങ് നിരയില്‍ ട്രെന്റ് ബോള്‍ട്ടിനെയും മിച്ചല്‍ സാന്റ്നറെയും ഇന്ത്യ സൂക്ഷിച്ചു കളിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അവിടെയും രോഹിത് തുടക്കം മുതല്‍ അപകടകാരിയായി. ബോള്‍ട്ടിന്റെ ആദ്യ മൂന്ന് ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും ! സാന്റ്നറുടെ ആദ്യ ഓവറില്‍ തന്നെ ഒരു ഫോറും ഒരു സിക്സും ! 
 
ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്താണ്. 10 ഇന്നിങ്‌സുകളില്‍ നിന്ന് 550 റണ്‍സ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രോഹിത് മറ്റ് നാല് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 124.15 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. റണ്‍വേട്ടയില്‍ രോഹിത്തിനേക്കാള്‍ മുന്‍പിലുള്ള വിരാട് കോലി, ക്വിന്റണ്‍ ഡി കോക്ക്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കെല്ലാം സ്‌ട്രൈക്ക് റേറ്റ് 110 ന് താഴെയാണ്. ഈ ലോകകപ്പില്‍ മാത്രം 28 സിക്‌സുകളും 62 ഫോറുകളുമാണ് രോഹിത് അടിച്ചുകൂട്ടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എവിടാ മുത്തേ നീ'; കളിക്കിടെ അനുഷ്‌കയെ തപ്പി കോലി (വീഡിയോ)