Mumbai Indians: സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കൂ, രോഹിത് കളി നിര്‍ത്തട്ടെ; തലമുറ മാറ്റം ആവശ്യപ്പെട്ട് മുംബൈ ആരാധകരും
ഫിറ്റ്‌നെസ് ഇല്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്‌നം
Mumbai Indians: മുംബൈ ഇന്ത്യന്‍സില്‍ തലമുറ മാറ്റം ആവശ്യപ്പെട്ട് ആരാധകര്‍. രോഹിത് ശര്‍മ നായകസ്ഥാനത്തു നിന്ന് മാറണമെന്നാണ് ആരാധകരുടെ ആവശ്യം. ബാറ്റര്‍ എന്ന നിലയിലോ ഫീല്‍ഡറോ എന്ന നിലയിലോ രോഹിത് ടീമിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും നായകനായി മാത്രം ഒരാള്‍ ടീമില്‍ തുടരുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആരാധകര്‍ പറയുന്നു. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍. പഴയ പോലെ ട്വന്റി 20 ഫോര്‍മാറ്റില്‍ ശോഭിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് രോഹിത്തിനെ പോലൊരു ലെജന്റിന് ചേരുന്ന രീതിയല്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ സീസണില്‍ തുടര്‍ച്ചയായി രോഹിത് ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം.
ഫിറ്റ്‌നെസ് ഇല്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്‌നം. ഫീല്‍ഡിങ്ങില്‍ പോലും ടീമിനായി എന്തെങ്കിലും ചെയ്യാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറി കഴിഞ്ഞു. ഇനിയും അഞ്ച് കിരീടത്തിന്റെ കണക്ക് പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ തന്നെ പറയുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ ഡക്ക്, കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായി തുടങ്ങിയ മോശം റെക്കോര്‍ഡുകളെല്ലാം രോഹിത്തിന്റെ പേരിലാണ് ഇപ്പോള്‍.
സീസണില്‍ ഒന്‍പത് ഇന്നിങ്സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 20.44, സ്ട്രൈക്ക് റേറ്റ് 129.58 മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് താരം നേടിയത്. ഈ സീസണില്‍ മാത്രം നാല് തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. ഐപിഎല്ലില്‍ 15 തവണയാണ് രോഹിത് ഡക്കിനു പുറത്തായിട്ടുള്ളത്. ഒരു ക്യാപ്റ്റന്‍ എന്ന ലേബലില്‍ ഇനിയും എത്രനാള്‍ ടീമില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം. മാനേജ്‌മെന്റ് മുഖം കറുപ്പിച്ച് എന്തെങ്കിലും പറയും മുന്‍പ് സ്വന്തം പ്രകടനത്തെ കുറിച്ച് ആത്മപരിശോധന നടത്തി ടീമില്‍ നിന്ന് മാറിനില്‍ക്കാനുള്ള വിവേകം രോഹിത് കാണിക്കണമെന്നാണ് ആരാധകരുടെ വാദം.
ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ആയ സൂര്യകുമാര്‍ യാദവ് മുംബൈ നായകസ്ഥാനത്തേക്ക് എത്തുകയാണ് വേണ്ടത്. ഡെവാള്‍ ബ്രെവിസ് രോഹിത്തിന് പകരം മുംബൈ ഓപ്പണറാകണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.