ഐപിഎൽ ചരിത്രത്തിലെ ആയിരം മത്സരങ്ങൾ തികച്ച പോരാട്ടമായിരുന്നു മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ മത്സരം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് യശ്വസി ജയ്സ്വാളിൻ്റെ ഒറ്റയാൻ പ്രകടനത്തിൻ്റെ ബലത്തിൽ 213 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. മികച്ച തുടക്കം ഉണ്ടെങ്കിലെ മത്സരത്തിൽ സാധ്യതയുള്ളു എന്ന അവസ്ഥയിലാണ് മുംബൈ ബാറ്റിംഗിനിറങ്ങിയത്. എന്നാൽ പിറന്നാൾ ദിനത്തിൽ താൻ ബാറ്റ് ചെയ്ത അഞ്ചാം പന്തിൽ സന്ദീപ് ശർമയുടെ പന്തിൽ രോഹിത് പവലിയനിലേക്ക് മടങ്ങി. പിറന്നാൾ ദിനത്തിൽ ഹിറ്റ്മാൻ്റെ ബാറ്റിംഗ് വിരുന്ന പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു ഈ വിക്കറ്റ്.
എന്നാൽ രോഹിത്തിൻ്റെ പുറത്താകലിന് പിന്നാലെ ഈ വിക്കറ്റ് ഇപ്പോൾ വിവാദമായിരിക്കുകയാണ്. സന്ദീപ് ശർമയുടെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. എന്നാൽ സന്ദീപ് ബൗൾ ചെയ്യുമ്പോൾ സ്റ്റമ്പ്സിന് തൊട്ട് പിന്നിലാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ.രോഹിത്തിൻ്റെ ബെയ്ൽസ് മാത്രം ഇളക്കിയാണ് സന്ദീപിൻ്റെ പന്ത് പോയത്. എന്നാൽ മറ്റ് ചില ക്യാമറാ ആംഗിളുകളിൽ ഇത് സഞ്ജുവിൻ്റെ ഗ്ലൗസ് തട്ടിയാണ് ബെയ്ൽസ് ഇളകിയതെന്നാണ് കാണുന്നത്. ഇതോടെ സഞ്ജു രോഹിത്തിനോട് വലിയ ചതി ചെയ്തെന്ന് ട്വിറ്ററിൽ ഒരു വിഭാഗം ആരാധകർ പറയുന്നു. അതേസമയം മറ്റൊരു ക്യാമറ ആംഗിൾ കാണിച്ച് സഞ്ജുവിൻ്റെ ഗ്ലൗസും സ്റ്റമ്പും തമ്മിൽ അകലമുണ്ടെന്ന് മറ്റൊരു കൂട്ടം ആരാധകരും പറയുന്നു.