Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തെറിയാനാവാത്ത സ്‌റ്റോക്‌സും ലീച്ചുമുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ ഇന്ത്യയ്ക്കാവുന്നില്ല, ടെസ്റ്റ് നായകനെന്ന നിലയില്‍ രോഹിത് വെറും ശരാശരി

പന്തെറിയാനാവാത്ത സ്‌റ്റോക്‌സും ലീച്ചുമുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ ഇന്ത്യയ്ക്കാവുന്നില്ല, ടെസ്റ്റ് നായകനെന്ന നിലയില്‍ രോഹിത് വെറും ശരാശരി

അഭിറാം മനോഹർ

, തിങ്കള്‍, 29 ജനുവരി 2024 (14:26 IST)
ഐസിസി കിരീടനേട്ടങ്ങളൊന്നും തന്നെ അവകാശപ്പെടാനില്ലെങ്കിലും വിരാട് കോലിയുടെ നായകത്വത്തിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒട്ടേറെ നേട്ടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. 2017-2019 വരെയുള്ള കാലഘട്ടത്തില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ മറ്റൊരു ടീമിനും ഇന്ത്യ തങ്ങളുടെ ഒന്നാം നമ്പര്‍ സ്ഥാനം വിട്ടുകൊടുത്തിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പുറത്തും പരമ്പര വിജയങ്ങള്‍ ഇക്കാലയളവില്‍ ടീം സ്വന്തമാക്കിയിരുന്നു. വിജയിക്കാനായി ഏതറ്റവും പോകാനുള്ള മനസ്സാന്നിധ്യമുണ്ടായിരുന്ന കളിക്കാരും ഓവര്‍സീസിലും കരുത്ത് തെളിയിക്കാന്‍ കഴിയുന്ന ബൗളിംഗ് നിരയുമായിരുന്നു ഇന്ത്യയ്ക്ക് വിജയങ്ങള്‍ നേടിതന്നത്.
 
എന്നാല്‍ വിരാട് കോലിയ്ക്ക് ശേഷം രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ ടെസ്റ്റ് മത്സരങ്ങളില്‍ ഫലം ഉണ്ടാക്കുക എന്ന വിരാട് കോലി ശൈലി മാറി പലപ്പോഴും സമനിലകള്‍ക്ക് വേണ്ടി കളിക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ ടീം മാറി. താരങ്ങളുടെ അഗ്രസീവ് സ്വഭാവത്തില്‍ തന്നെ മാറ്റം വന്നപ്പോള്‍ ഇന്ത്യയില്‍ ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ പരാജയമേറ്റുവാങ്ങി. ഇന്ത്യ ഇംഗ്ലണ്ട് പരമ്പര ബാസ്‌ബോള്‍ ശൈലി പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ എങ്ങനെ ഫലപ്രദമാകുമെന്ന ചോദ്യമാണ് പരമ്പരയ്ക്ക് മുന്‍പെ ഉയര്‍ന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ തന്നെ അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട്.
 
നായകനായ ബെന്‍ സ്‌റ്റോക്‌സിന് ബൗളിംഗ് എറിയാനുള്ള കായികക്ഷമത ഇനിയും കൈവരിക്കാനായിട്ടില്ല. കൂടാതെ ടീമിലെ മുഖ്യ സ്പിന്നറായ ജാക്ക് ലീച്ച് ഹാംസ്ട്രിംഗ് പരിക്കുമായാണ് ആദ്യ ടെസ്റ്റിന് കളിക്കാനിറങ്ങിയത്. ഇത്രയും പരാധീനതകള്‍ ഉണ്ടായിട്ടും ആദ്യ ഇന്നിങ്ങ്‌സില്‍ 190 റണ്‍സ് ലീഡ് മുന്നോട്ട് വെയ്ക്കാന്‍ ഇന്ത്യയ്ക്കായിട്ടും മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുന്നതില്‍ രോഹിത് ശര്‍മയുടെ ശരാശരി ക്യാപ്റ്റന്‍സിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനെതിരെ റിവേഴ്‌സ് സ്വീപ്പിലൂടെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഈ മറുപടിക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് രോഹിത്തിന് യാതൊരു നിശ്ചയവും മത്സരത്തിലുണ്ടായിരുന്നില്ല.
 
ഒരോ വിക്കറ്റുകള്‍ വീഴുമ്പോഴും എതിര്‍ ടീമിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രോഹിത് പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഒരു പ്ലാന്‍ ബി എന്നതൊന്ന് ഉണ്ടായിരുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തം. ഇംഗ്ലണ്ടിനായി 196 റണ്‍സ് രണ്ടാം ഇന്നിങ്ങ്‌സില്‍ നേടിയ ഒലി പോപ്പ് 48 റണ്‍സാണ് റിവേഴ്‌സ് സ്വീപിലൂടെ നേടിയത്. ബെന്‍ ഡെക്കറ്റും സാക് ക്രൗളിയും ബൗളര്‍മാരെ കടന്നാക്രമിക്കുമ്പോള്‍ ബൗളിംഗ് മാറ്റി പരീക്ഷിക്കാനുള്ള ശ്രമം പോലും ഇന്ത്യന്‍ നായകനില്‍ നിന്നുണ്ടായില്ല. പ്രധാനമായി കോലിയില്‍ നിന്നും വ്യത്യസ്തമായി പരാജിതന്റെ ശരീരഭാഷയാണ് ടെസ്റ്റില്‍ പലപ്പോഴും രോഹിത്തില്‍ നിന്നും കാണാനാവുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണവും പ്രതാപവും കൊണ്ട് കാര്യമില്ല, ഇന്ത്യന്‍ ടീമിനെതിരെ പരിഹാസവുമായി മൈക്കല്‍ വോണ്‍