ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരം നടക്കുമ്പോൾ ഒരു വമ്പന്‍ റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 22 റണ്‍സ് നേടാനായാല്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് രോഹിത്തിന് സ്വന്തമാക്കാം.
2023 ലോകകപ്പിന് മുൻപ് ഈ നേട്ടം ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പങ്കിടുകയായിരുന്നു. ലോകകപ്പില്‍ 20 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഇരു താരങ്ങളും 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ലോകകപ്പില്‍ 17 ഇന്നിങ്ങ്‌സുകളില്‍ നിന്നും രോഹിത് 978 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തന്നെ 22 റണ്‍സ് സ്വന്തമാക്കാനായാല്‍ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ രോഹിത്തിന് സാധിക്കും.
ഇന്ന് ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ 8 റൺസ് സ്വന്തമാക്കിയതോടെ 19 ലോകകപ്പ് ഇന്നിങ്ങ്സുകളിൽ നിന്നും 1000 റൺസെന്ന നേട്ടം ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ സ്വന്തമാക്കിയിരുന്നു. നിലവിൽ വാർണറുടെ പേരിലാണ് ലോകകപ്പിൽ ഏറ്റവും വേഗതയിൽ 1,000 റൺസെന്ന റെക്കോർഡുള്ളത്. എന്നാൽ മറുപടി ബാറ്റിംഗിൽ രോഹിത്തിന് 22 റൺസ് സ്വന്തമാക്കാനായാൽ റെക്കോർഡ് നേട്ടം തിരുത്താൻ രോഹിത്തിനാകും.
2019ലെ ഏകദിനലോകകപ്പില്‍ 9 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 81 റണ്‍സ് ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് വാരികൂട്ടിയത്. 5 സെഞ്ചുറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ലോകകപ്പില്‍ തന്നെ അഞ്ച് സെഞ്ചുറികളടിച്ച ആദ്യ താരമെന്ന ലോകറെക്കോര്‍ഡ് രോഹിത്തിന്റെ മാത്രം പേരിലാണുള്ളത്.22 റൺസ് കൂടി ഇന്ന് സ്വന്തമാക്കാൻ സാധിക്കുകയാണെങ്കിൽ ലോകകപ്പ് റെക്കോർഡുകളിൽ മറ്റൊന്ന് കൂടി കുറിയ്ക്കുവാൻ രോഹിത്തിന് സാധിക്കും.