2021ലെ ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ ഇന്ത്യ പുറത്തായത് ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. ടൂർണമെന്റിലെ ഏറ്റവും ശക്തമായ നിരയുമായെത്തിയ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടൂർണമെന്റിൽ നടത്തിയത്.
ടോപ് ഓർഡർ തകർന്നതോടെ ടീമും തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയിലെ ദൗർബല്യം മറ്റ് ടീമുകൾ മുതലാക്കിയപ്പോൾ ആത്യന്തികമായ തോൽവി ഇന്ത്യ ഏറ്റുവാങ്ങി. ഹാർദിക് പാണ്ഡ്യയുടെ ഫോമില്ലായ്‌മയും ആറാം ബൗളറുടെ അഭാവവും ഇന്ത്യൻ പരാജയത്തിൽ നിർണായകമായി.
ഇപ്പോഴിതാ മറ്റൊരു ലോകകപ്പ് അടുത്തെത്തവെ ഭാവിപദ്ധതികൾ എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകൻ രോഹിത് ശർമ. പന്തെറിയാൻ സാധിക്കാത്ത താരങ്ങൾ തത്‌കാലം ഇന്ത്യൻ ടീം സ്ഥാനത്തിനായി ശ്രമിക്കേണ്ടെന്ന സൂചനയാണ് രോഹിത് ശർമ മത്സരശേഷം നൽകിയത്.
പന്തുകൊണ്ടും ബോളുകൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്ന ആറാം ബൗളർ പ്ലസ് ബാറ്റർ എന്ന ഓപ്‌ഷനാണ് രോഹിത് ശർമ തിരയുന്നത്. അതിനാൽ തന്നെ ശ്രേയസ് അയ്യർ,റുതുരാജ് എന്നീ ബാറ്റ്സ്മാന്മാർ എത്ര മികച്ച പ്രകടനം നടത്തിയാലും തത്‌കാലം ഇന്ത്യൻ ടീമിലെ സ്ഥാനം സ്ഥിരമായേക്കില്ല.
മധ്യനിരയിലെ മികച്ച പ്രകടനം സൂര്യകുമാറിന് മുതൽകൂട്ടാകുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പർ ഓപ്‌ഷനായി കെഎൽ രാഹുലോ ഇഷാൻ കിഷനോ ഇടം പിടിച്ചേക്കും. ഓപ്പണിങ് റോളിലും രോഹിത്തിനൊപ്പം ഈ രണ്ട് താരങ്ങളാണ് പരിഗണനയിലുള്ളത്. ഹാർദിക് പാണ്ഡ്യ ഫോമിൽ തിരിച്ചെത്താതിരിക്കുന്ന സാഹചര്യത്തിൽ വെങ്കിടേഷ് അയ്യരെ തന്നെ മധ്യനിരയിൽ പരീക്ഷിക്കാനാകും ഇന്ത്യൻ തീരുമാനം.
ഒരേ പ്രൊഫൈൽ തന്നെ കൈകാര്യം ചെയ്യുന്ന ദീപക് ചഹർ, ശാർദൂൽ താക്കൂർ എന്നിവർ ചേരുന്നത് ബൗളിങ് വൈവിധ്യത്തെ കുറയ്ക്കും എന്നതിനാൽ ഇവർ രണ്ടുപേരും ഒരേ ഇലവനിൽ കളിക്കാനും സാധ്യത കുറവ്. കൂടാതെ ഇടം കയ്യൻ ബാറ്റർ എന്നതും വെങ്കിടേഷ് അയ്യർക്ക് മുൻതൂക്കം നൽകുന്നു.