ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ വരും ദിവസം പ്രഖ്യാപിക്കാനിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരെ എ പ്ലസ് കാറ്റഗറിയില്‍ നിന്നും എ വിഭാഗത്തിലേക്ക് തരം താഴ്ത്തുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്നും 3 പേരും വിരമിച്ചതോടെയാണ് 3 താരങ്ങളെയും കരാറില്‍ തരം താഴ്ത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 3 ഫോര്‍മാറ്റിലുമായി ടീമിലെ പ്രധാനതാരങ്ങള്‍ക്കാണ് എ പ്ലസ് കാറ്ററി നല്‍കാറുള്ളത്. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് 7 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ 5 കോടിയും ബി ഗ്രേഡില്‍ 3 കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.
നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി,രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. അടുത്ത വാര്‍ഷിക കരാറില്‍ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍,അക്‌സര്‍ പട്ടേല്‍ എന്നിവരെ ബി ഗ്രേഡില്‍ നിന്നും എ ഗ്രേഡിലേക്ക് മാറ്റുമെന്നാണ് സൂചന. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ എന്നിവരാകും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പുതിയ താരങ്ങള്‍.