2011 ഏകദിന ലോകകപ്പ് വിജയത്തിന്റെ 11-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം നടക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് സച്ചിന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പിന്തുടരുകയായിരുന്നു. ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും വിരേന്ദര്‍ സെവാഗിന്റേയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് വേഗം നഷ്ടപ്പെട്ടു. പിന്നീട് ഗൗതം ഗംഭീര്‍, വിരാട് കോലി, മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. അതില്‍ തന്നെ ഗംഭീറിന്റേയും ധോണിയുടേയും ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഗംഭീര്‍ ക്രീസില്‍ നങ്കൂരമിട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന സമയത്ത് സെവാഗും സച്ചിനും ഡ്രസിങ് റൂമില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. ടിവിയില്‍ കളി തത്സമയം കാണാന്‍ അന്ന് സെവാഗിനെ താന്‍ അനുവദിച്ചില്ലെന്ന് സച്ചിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
' ഫൈനല്‍ മത്സരം നടക്കുന്ന സമയത്ത് ഞാന്‍ മസാജ് ടേബിളില്‍ ആയിരുന്നു. വീരു എന്റെ അടുത്തുണ്ടായിരുന്നു. 'ഞാന്‍ കുറച്ച് നേരം കളി കാണട്ടെ' എന്ന് വീരു എന്നോട് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ ഇവിടെ ഇരിക്ക്, കളി കഴിഞ്ഞ ശേഷം എത്ര വേണമെങ്കിലും ടിവിയില്‍ കാണാമല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. ഒടുവില്‍ ഞങ്ങള്‍ ജയിച്ചു,' സച്ചിന്‍ പറഞ്ഞു.