Saim Ayub: ബുമ്രയെ 6 സിക്സർ പറത്തുമെന്ന് പറഞ്ഞു, 4 കളികളിൽ ഡെക്ക്, സൈം അയൂബിന് നാണക്കേടിൻ്റെ റെക്കോർഡ്
ഏഷ്യാകപ്പ് തുടങ്ങും മുന്‍പ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുടെ ഓവറില്‍ 6 സിക്‌സടിക്കുമെന്ന് വീരവാദം പറഞ്ഞാണ് സൈം അയൂബ് ഏഷ്യാകപ്പിനെത്തിയത്.
ഏഷ്യാകപ്പിലെ സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് മടങ്ങിയതോടെ പാക് യുവതാരം സൈം അയൂബിന് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ സൈം അയ്യൂബ് നേരിട്ട മൂന്നാം പന്തില്‍ തന്നെ പൂജ്യനായി മടങ്ങി. മെഹ്ദി ഹസന്റെ പന്തില്‍ മിഡ് ഓണില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കിയാണ് സൈം അയൂബ് പുറത്തായത്. ഏഷ്യാകപ്പ് തുടങ്ങും മുന്‍പ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുടെ ഓവറില്‍ 6 സിക്‌സടിക്കുമെന്ന് വീരവാദം പറഞ്ഞാണ് സൈം അയൂബ് ഏഷ്യാകപ്പിനെത്തിയത്.
ഏഷ്യാകപ്പില്‍ കളിച്ച 6 മത്സരങ്ങളില്‍ ഇത് നാലാം തവണയാണ് സൈം അയൂബ് പൂജ്യത്തിന് മടങ്ങുന്നത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന സിംബാബ്വെയുടെ റിചാര്‍ഗ് നഗരവയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ അയൂബിനായി. കഴിഞ്ഞ വര്‍ഷം 6 തവണയാണ് നഗരവ പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷം ടി20 ക്രിക്കറ്റില്‍ അഞ്ച് തവണ പുറത്തായ സിംബാബ്വെയുടെ ബ്ലെസിംഗ് മുസര്‍ബാനി, സിംബാബ്വെയുടെ റെഗിസ് ചക്ബാവ, ഇന്ത്യയുടെ സഞ്ജു സാംസണ്‍, പാകിസ്ഥാന്റെ ഹസന്‍ നവാസ് എന്നിവരെയും അയൂബ് പിന്നിലാക്കി.
ഇന്ത്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് അയൂബ് മടങ്ങിയത്. യുഎഇക്കെതിരെയും റണ്‍സൊന്നും നേടാനാവാതെയാണ് അയൂബ് മടങ്ങിയത്. ഏഷ്യാകപ്പില്‍ കളിച്ച 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 27 പന്തില്‍ 23 റണ്‍സ് മാത്രമാണ് അയൂബ് നേടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ ഉമര്‍ അക്മലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അയൂബ്. 9 തവണയാണ് താരം ടി20യില്‍ പൂജ്യത്തിന് പുറത്തായത്.