ഐപിഎല്ലിലെ പതിനാറാം സീസണിൽ ഏറ്റവും മികച്ച രീതിയിൽ തുടങ്ങിയ സംഘമായിരുന്നു സഞ്ജു സാംസണിൻ്റ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്. എന്നാൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പല മത്സരങ്ങളും അവസാന നിമിഷം ടീം കൈവിട്ടതോടെ പ്ലേ ഓഫ് സാധ്യതകൾ ടീമിന് മുന്നിൽ അവസാനിച്ച മട്ടാണ്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ നാണംകെട്ട പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്.
ആർസിബിക്കെതിരായ നിർണായക മത്സരത്തിൽ നിരുത്തരവാദപരമായ പ്രകടനമാണ് ടീമംഗങ്ങൾ കാഴ്ചവെച്ചത്. നായകനെന്ന നിലയിൽ ടീമിൻ്റ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സഞ്ജു സാംസണും തൻ്റ വിക്കറ്റ് എതിരാളികൾക്ക് സമ്മാനിക്കുകയാണ് ചെയ്തത്. ഇതോടെ സഞ്ജുവിനെതിരായ വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. സഞ്ജിവിൻ്റ ഈ ഉത്തരവാദിത്തമില്ലായ്മയാണ് ഇന്ത്യൻ ടീമിൽ നിന്നും താരത്തെ മാറ്റി നിർത്തുന്നതെന്ന് താരത്തിൻ്റ വിമർശകർ പറയുന്നു.
യശ്വസി ജയ്സ്വാൾ, യൂസ്വേന്ദ്ര ചാഹൽ എന്നീ താരങ്ങൾ സീസണിലുടനീളം ടീമിനായി നടത്തിയ പ്രകടനങ്ങളെ വെള്ളത്തിലാക്കുന്നതാണ് സഞ്ജു ഉൾപ്പടെയുള്ള താരങ്ങളുടെ നിരുത്തരവാദപരമായ പ്രകടനമെന്നും ആരാധകർ ടീമിനായി പുലർത്തുന്ന ആത്മാർഥയെങ്കിലും സഞ്ജു ഉൾപ്പടെയുള്ള താരങ്ങൾ പുലർത്തണമെന്നും വിമർശകർ പറയുന്നു.