മലയാളി താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും പുറത്ത് തന്നെയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായോ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായോ സഞ്ജു പരിഗണിക്കപ്പെടുന്നില്ല. അത്രയേറെ വാശിയേറിയ പോരാട്ടമാണ് പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്.
റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് സഞ്ജുവിന്റെ നിര്‍ഭാഗ്യം തുടങ്ങുന്നത്. ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് റിഷഭ് പന്തിലൂടെ ഇന്ത്യ ഉത്തരം കണ്ടെത്തി. വിക്കറ്റിനു പിന്നില്‍ ധോണിയെ പോലെ കൂളായി നിലയുറപ്പിക്കാനുള്ള കരുത്തും ബാറ്റിങ്ങിലെ അപ്രവചനീയ പ്രകടനങ്ങളും പന്തിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാക്കുകയായിരുന്നു.
രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ എന്ന സ്ഥാനത്തിനു അനുയോജ്യനാണെന്ന് തെളിയിക്കുകയായിരുന്നു സഞ്ജുവിന്റെ അടുത്ത വെല്ലുവിളി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നല്ല തഴക്കം വന്ന താരമാണ് സഞ്ജു. ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസനീയവുമായിരുന്നു. എന്നാല്‍, ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ഏഴ് തവണ വിളി ലഭിച്ച സഞ്ജുവിന് ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും സംഭാവന ചെയ്യാന്‍ സാധിക്കാതെ വന്നത് തിരിച്ചടിയായി. ഇതുവരെ ഏഴ് ടി 20 മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യയ്ക്കായി കളിച്ചത്. ഏഴ് കളികളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം 83 റണ്‍സാണ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 23 റണ്‍സും ! സഞ്ജുവിന്റെ ബാറ്റിങ് ശൈലി ടി 20 ക്ക് ഏറെ അനുയോജ്യമാണ്. എന്നാല്‍, അതിനനുസരിച്ച് ഒരു ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്ന വെല്ലുവിളിയാണ് സഞ്ജു ഇപ്പോള്‍ നേരിടുന്നത്. ടി 20 യില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കെ.എല്‍.രാഹുല്‍ കഴിവ് തെളിയിച്ചതും സഞ്ജുവിന് തിരിച്ചടിയായി.
ഇഷാന്‍ കിഷന്റെ ഉദയത്തോടെ സഞ്ജുവിന്റെ ഭാവി കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ട്വന്റി 20 ഫോര്‍മാറ്റിലെ രാജ്യാന്തര മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറിയും മാന്‍ ഫ് ദ് മാച്ച് പുരസ്‌കാരവും ! ഏകദിന അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അതിവേഗ അര്‍ധ സെഞ്ചുറി ! ലഭിച്ച അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി മുന്നേറുകയാണ് 25-കാരന്‍ ഇഷാന്‍ കിഷന്‍. ഇന്ത്യയ്ക്കായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിച്ച ഇഷാന്‍ ഒരു അര്‍ധ സെഞ്ചുറി അടക്കം 60 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ടി 20 മത്സരങ്ങളില്‍ നിന്നായും 60 റണ്‍സ് തന്നെയാണ് ഇഷാന്‍ കിഷന്റെ സംഭാവന. സഞ്ജു ഏഴ് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇഷാന്‍ ടി 20, ഏകദിന ഫോര്‍മാറ്റുകളിലായി നാല് കളികള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ തന്നെ രണ്ട് അര്‍ധ സെഞ്ചുറികളും ! കണക്കുകളുടെ കളിയില്‍ സഞ്ജു പിന്നിലേക്ക് തള്ളപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അല്ലാതെ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുള്ള നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ്. അവിടെയും പ്രതിസന്ധി ഏറെയാണ്. സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.