Sanju Samson: 'സഞ്ജു, നിന്നെയോര്‍ത്ത് സങ്കടം തോന്നുന്നു'; ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിനു പിന്നാലെ നിരാശ പ്രകടിപ്പിച്ച് ആരാധകര്‍
കണക്കുകളില്‍ സഞ്ജുവിനേക്കാള്‍ എത്രയോ പിന്നിലാണ് റിഷഭ് പന്ത്
Sanju Samson: സഞ്ജുവിനെ വീണ്ടും അവഗണിച്ച് ബിസിസിഐ. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടമില്ല. ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരമാണ് സഞ്ജു. എന്നിട്ടും ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ സ്‌ക്വാഡില്‍ ബാക്കപ്പ് താരമെന്ന നിലയില്‍ പോലും സഞ്ജുവിനെ പരിഗണിച്ചില്ല.
കണക്കുകളില്‍ സഞ്ജുവിനേക്കാള്‍ എത്രയോ പിന്നിലാണ് റിഷഭ് പന്ത്. ചാംപ്യന്‍സ് ട്രോഫി ടീമില്‍ കെ.എല്‍.രാഹുലിന് ബാക്കപ്പായി പന്തിനെയാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ഇത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാന്‍ സെലക്ടര്‍മാര്‍ക്കോ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കോ സാധിച്ചിട്ടില്ല.
ഇന്ത്യക്കായി 31 ഏകദിനങ്ങളാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്. 33.50 ശരാശരിയില്‍ ഇതുവരെ നേടിയിരിക്കുന്നത് 871 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ പേരിലുള്ളത്. സഞ്ജുവാകട്ടെ കണക്കുകളില്‍ പന്തിനേക്കാള്‍ ഏറെ മുന്നിലാണ്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയ താരം ഒരു സെഞ്ചുറിയും ഏകദിന ഫോര്‍മാറ്റില്‍ സ്വന്തമാക്കി. സ്ട്രൈക് റേറ്റ് എടുത്താലും പന്തിനേക്കാള്‍ മികവ് സഞ്ജുവിന് തന്നെയാണ്.
മാത്രമല്ല റിഷഭ് പന്തിനേക്കാള്‍ ഫ്‌ളക്‌സിബിലിറ്റിയുള്ള ബാറ്ററാണ് സഞ്ജു. ഓപ്പണര്‍ പൊസിഷന്‍ മുതല്‍ നമ്പര്‍ 6 പൊസിഷന്‍ വരെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവില്‍ നമ്പര്‍ 3 മുതല്‍ നമ്പര്‍ 6 വരെ സഞ്ജു പല റോളുകളിലും ഏകദിന ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്തിട്ടുമുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറിയും നാല്, അഞ്ച്, ആറ് നമ്പറുകളില്‍ ഇറങ്ങി അര്‍ധ സെഞ്ചുറിയും സഞ്ജു നേടിയിട്ടുണ്ട്.
ഇന്ത്യക്കായി കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയത് ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ആണെന്നും ഓര്‍ക്കണം. കണക്കുകളുടെ തട്ടില്‍ സഞ്ജുവിന് ആധിപത്യം ഉള്ളപ്പോഴും ടീം ലിസ്റ്റിലേക്ക് വരുമ്പോള്‍ താരം തഴയപ്പെടുന്ന പതിവ് തുടരുകയാണ്. സഞ്ജുവിന്റെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടം വരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.